തമിഴ്നാട്: കമ്മ്യൂണിസത്തെ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒരു ഗ്രാമമാണ് തമിഴ്നാട്ടിലെ വണ്ണിവേലമ്പട്ടി. മധുര ജില്ലയിൽ പെരിയകുളം താലൂക്കിൽ ഉൾപ്പെടുന്ന വണ്ണിവേലമ്പട്ടിക്കാർ അരനൂറ്റാണ്ടിലേറെയായി ലോകത്തോട് സംവദിക്കുന്നത് കമ്യൂണിസത്തിൻ്റെ ആശയമാണ്. പിന്തുടരുന്ന രാഷ്ട്രീയത്തോടുള്ള ആദരസൂചകമായി ഈ നാട്ടുകാർ ചെയ്യുന്നത് അവിടെ ജനിച്ചു വീഴുന്ന തങ്ങളുടെ മക്കൾക്ക് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകൾ നൽകുകയാണ്.
വ്‌ളാഡിമിർ ലെനിൻ, കാൾ മാർക്‌സ്, ജോസഫ് സ്റ്റാലിൻ, ഫ്രെഡറിക് ഏംഗൽസ് തുടങ്ങിയ പേരുകളൊക്കെയും ഈ ഗ്രാമത്തിൽ സാധാരണമാണ്. വണ്ണിവേലമ്പട്ടിയിലെത്തി അവിടെയുള്ള പത്ത് പേരോട് പേര് ചോദിച്ചാൽ അതിൽ എട്ട് പേർക്കും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരായിരിക്കും എന്നതാണ് പ്രത്യേകത. യഥാർഥ പേര് ഇത്തരത്തിൽ അല്ലെങ്കിൽ അവരുടെ വിളിപ്പേര് പലപ്പോഴും സ്റ്റാലിനിൽ നിന്നോ ലെനിനിൽ നിന്നോ ഒക്കെ പ്രചോദനം ഉൾക്കൊണ്ടവയാകും.
വണ്ണിവേലമ്പട്ടിയിൽ ഇത് ഒരു പുതിയ പ്രവണതയല്ല, മറിച്ച് ബൃഹത്തായ ചരിത്രത്തിൻ്റെ സ്വാധീനമാണ്. വണ്ണിവേലമ്പട്ടി സിപിഐഎം കോട്ടയായതിനെ പറ്റി മധുര റൂറൽ ജില്ലാ കമ്മിറ്റി അംഗവും പ്രദേശത്തെ താമസക്കാരനുമായ സ്റ്റാലിൻ എന്നറിയപ്പെടുന്ന വി. മുരുകന് വലിയൊരു ചരിത്രം തന്നെ പറയാനുണ്ട്, "1960കൾ വരെ ഗ്രാമത്തിലെ ആളുകൾക്ക് അവരുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. വർഷങ്ങളോളം അവർ ജന്മിമാരുടെ കീഴിൽ കർഷകരായി ജോലി ചെയ്തു. അവരിൽ ഒരാളായ വെമ്പുലു 1952ൽ ഗ്രാമം വിട്ട് തഞ്ചാവൂരിലേക്ക് ജോലിക്കായി പോയി. അവിടെ വച്ച് അദ്ദേഹമാണ് ആദ്യമായി കമ്മ്യൂണിസത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് മൂന്ന് വർഷത്തിന് ശേഷം വെമ്പുലു തിരികെ എത്തിയത് പുതിയൊരു ലക്ഷ്യം കൂടി മനസിൽ വച്ചാണ്.
അദ്ദേഹം തൻ്റെ സുഹൃത്തുക്കളെ കൂടെ കൂട്ടി മധുരയിൽ സിപിഐ സംഘടിപ്പിച്ച അഖിലേന്ത്യ കാർഷിക സമ്മേളനത്തിൽ പങ്കെടുത്തു. ആ അനുഭവമാണ് പിന്നീടങ്ങോട്ട് വണ്ണിവേലമ്പട്ടിക്കാർക്ക് ഒരു പുതുജീവിതം തന്നെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രേരണയായത്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തുടർച്ചയായ പിന്തുണയും ഗ്രാമത്തിൽ പതിവായി നടക്കുന്ന മീറ്റിംഗുകളും ക്രമേണ എല്ലാവരിലും വലിയ പരിവർത്തനം ഉണ്ടാക്കി. നിയമപരമായ മാർഗങ്ങളിലൂടെയും സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ അവർ നയിച്ചു. ഇന്ന് ഇവിടെയുള്ള കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുണ്ട്. ഒരു കാലത്ത് അസാധ്യം എന്ന് തോന്നിയിരുന്നതാണ് അത്. ഈ മാറ്റത്തിന് ഞങ്ങൾ എക്കാലവും കടപ്പെട്ടിരിക്കും. 1960കൾ മുതൽ ഇവിടെയുള്ളവർ കുട്ടികൾക്ക് കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ബഹുമാനാർഥം പേരിടാൻ തുടങ്ങി. അത് ഇന്നും തുടരുന്നു."
കെ. നാഗജ്യോതി (26) എന്ന സ്ത്രീ തന്റെ രണ്ട് പെൺമക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ മാർക്സിയ (7), ലെനിന (4) എന്നിങ്ങനെയാണ്. ഈ പേരുകൾ വിപ്ലവത്തിന്റെ പ്രതീകങ്ങളാണെന്നും തന്റെ പെൺമക്കൾ അവരെ പോലെ സമർപ്പണത്തോടെയും ധൈര്യത്തോടെയും സമൂഹത്തിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് നാഗജ്യോതിക്ക് ഇതേപ്പറ്റി പറയാനുള്ളത്. "മക്കളെ മാർക്സിസ്റ്റ് സാഹിത്യം വായിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്, സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയ ചിന്തകളും മനസിലാക്കാൻ അവർക്കത് സഹായമാകുമെന്ന ചിന്തയിലാണ് അത്," കാസ്ട്രോ, അലക്സാണ്ടർ, ദിമിട്രോവ് എന്നീ മൂന്ന് അമ്മാവന്മാരുള്ള ആർ. കോസിമിൻ പറയുന്നു. "പൂർവ്വികരുടെ പോരാട്ടങ്ങളെക്കുറിച്ചും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നമ്മുടെ അവകാശങ്ങൾ വീണ്ടെടുക്കാൻ എങ്ങനെ സഹായിച്ചുവെന്നും, അന്തസോടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കി എന്നുമാണ് ഞങ്ങൾ അവരെ ബോധവാന്മാരാക്കുന്നത്. ഭാവി തലമുറകൾ ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്," ആർ. കോസിമിൻ പറയുന്നു.