അനിൽ അഗർവാൾ, മകൻ അഗ്നിവേശ് Source: X
NATIONAL

"സമ്പാദ്യത്തിൻ്റെ 75% ദാനം ചെയ്യും"; അകാലത്തിൽ പൊലിഞ്ഞ മകൻ്റെ ആഗ്രഹം നിറവേറ്റാൻ ശതകോടീശ്വരൻ അനിൽ അഗർവാൾ

ഹൃദയാഘാതത്തെതുടർന്നാണ് 49കാരനായ അഗ്നിവേശ് അഗർവാൾ മരിച്ചത്

Author : പ്രണീത എന്‍.ഇ

ഡൽഹി: മകൻ അഗ്നിവേശിന്റെ അകാല മരണത്തിന് പിന്നാലെ തൻ്റെ സമ്പത്തിൻ്റെ 75 ശതമാനവും സമൂഹത്തിന് ദാനം ചെയ്യുമെന്ന് വ്യക്തമാക്കി ശതകോടീശ്വരൻ വേദാന്ത ചെയർമാനുമായ അനിൽ അഗർവാൾ. ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനം എന്നാണ് അനിൽ അഗർവാൾ മകൻ്റെ മരണത്തെ വിശേഷിപ്പിച്ചത്.

ഹൃദയാഘാതത്തെതുടർന്നാണ് 49കാരനായ അഗ്നിവേശ് അഗർവാൾ മരിച്ചത്. ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ സ്കീയിംഗ് അപകടത്തിൽ നിന്ന് പരിക്കേറ്റ് സുഖം പ്രാപിച്ചു വരികെയായിരുന്നു മരണം.

"എന്റെ പ്രിയപ്പെട്ട മകൻ അഗ്നിവേശ് വളരെ പെട്ടെന്ന് നമ്മെ വിട്ടുപോയി. അവന് വെറും 49 വയസ്സായിരുന്നു. ആരോഗ്യവാനും ഏറെ സ്വപ്നങ്ങളുമുള്ള മനുഷ്യനുമായിരുന്നു അവൻ. യുഎസിൽ ഒരു സ്കീയിംഗ് അപകടത്തെത്തുടർന്ന്, ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയായിരുന്നു. മോശം കാലം അവസാനിച്ചുവരികയാണെന്ന് ഞങ്ങൾ വിശ്വസിച്ചു. പക്ഷേ വിധിക്ക് മറ്റൊന്നായിരുന്നു. പെട്ടെന്ന് ഒരു ഹൃദയാഘാതം ഞങ്ങളുടെ മകനെ ഞങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയി."അനിൽ അഗർവാൾ എക്സിൽ കുറിച്ചു.

1976 ജൂൺ 3ന് ജനിച്ചതു മുതൽ ഒരു ബിസിനസുകാരനാകാനുള്ള അഗ്നിവേശിന്റെ ആഗ്രഹത്തെക്കുറിച്ചും അനിൽ അഗർവാൾ ഓർമിച്ചു. “ഒരു മധ്യവർഗ ബിഹാരി കുടുംബത്തിൽ ജനിച്ച അഗ്നിവേശ്, കരുത്തും, കാരുണ്യവും, ലക്ഷ്യബോധവുമുള്ള ഒരു മനുഷ്യനായി വളർന്നു. അമ്മയുടെ ജീവിതത്തിന്റെ വെളിച്ചം, സംരക്ഷകനായ സഹോദരൻ, വിശ്വസ്തനായ സുഹൃത്ത്, കണ്ടുമുട്ടിയ എല്ലാവരെയും സ്പർശിച്ച സൗമ്യനായ ആത്മാവായിരുന്നു അവൻ്റേത്,” അനിൽ എക്‌സിൽ കുറിച്ചു.

“ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അഗ്നി അഗാധമായി വിശ്വസിച്ചിരുന്നു. അവൻ പലപ്പോഴും പറയുമായിരുന്നു, 'അച്ഛാ, ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒന്നിനും കുറവില്ല. നമ്മൾ എന്തിന് പിന്നിലായിരിക്കണം?' നമ്മൾ സമ്പാദിക്കുന്നതിന്റെ 75% ത്തിലധികം സമൂഹത്തിന് തിരികെ നൽകുമെന്ന് ഞാൻ അഗ്നിയോട് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന്, ഞാൻ ആ വാഗ്ദാനം പുതുക്കുകയും കൂടുതൽ ലളിതമായ ജീവിതം നയിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു

മകനെ, ഞങ്ങളുടെ ഹൃദയങ്ങളിലും, ഞങ്ങളുടെ പ്രവൃത്തികളിലും, നീ സ്പർശിച്ച ഓരോ ജീവിതത്തിലും നീ ജീവിക്കും. നീയില്ലാതെ ഈ പാതയിൽ എങ്ങനെ സഞ്ചരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ നിന്റെ വെളിച്ചം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കും," ഹൃദയസ്പർശിയായ വാക്കുകളിലൂടെ അനിൽ സുദീർഘമായ കുറിപ്പ് അവസാനിപ്പിച്ചു.

SCROLL FOR NEXT