ചെന്നൈ: സിനിമ സ്റ്റൈൽ പ്രകടനവുമായി വിജയ് സർക്കാരിൻ്റെ ബജറ്റ് അവതരണം. ജനങ്ങളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തുന്ന പ്രഖ്യാപനമാണ് ടിവികെ സർക്കാർ ഇന്ന് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചത്.
സ്ത്രീകളെയും, വിദ്യാർഥികളെയും, കർഷകരെയും തൃപ്തിപ്പെടുത്തുന്ന ജനകീയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്നാലും വാഗ്ദാനങ്ങൾ പടിപടിയായി നടപ്പിലാക്കുമെന്നാണ് ബജറ്റ് അവതരണത്തിൽ ധനമന്ത്രി മാരി വിൽസൺ പറഞ്ഞത്.
വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബ്രാന്‍ഡഡ് സൈക്കിളും ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് 5.32 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ആദ്യ എഐ ഇന്നോവേഷൻ നഗരവും പ്രഖ്യാപിച്ചു. അറിവകം എന്ന പേരിട്ടിരിക്കുന്ന നഗരം എഐ, ഡീപ് ടെക് വികസനത്തിന് മുൻതൂക്കം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി ബജറ്റില്‍ വകയിരുത്തി. 2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രഖ്യാപനം.