പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; നിലപാട് കടുപ്പിച്ച് കേന്ദ്രം, മെറ്റ ആഗോള നേതൃസംഘവുമായി കൂടിക്കാഴ്ച

വെരിഫൈഡ് അക്കൗണ്ടുകളുള്ള പ്രമുഖരുടെ ഉള്ളടക്കം നീക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും
PM's video at midnight
പ്രധാനമന്ത്രിയുടെ വീഡിയോ
Published on
Updated on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ. പബ്ലിക് പോളിസി തലവന്‍ ഉള്‍പ്പെടെ മെറ്റയുടെ ആഗോള നേതൃസംഘവുമായാണ് കേന്ദ്ര സർക്കാർ നാളെയും മറ്റന്നാളും കൂടിക്കാഴ്ച നടത്തുക. എഐ നിർമിത പോസ്റ്റുകള്‍, അക്കൗണ്ടുകളുടെ നിയന്ത്രണം, മെറ്റയുടെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളടക്കം ചർച്ചയാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവത്തില്‍, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നേരിട്ടെത്തി ക്ഷമാപണം നടത്തണമെന്ന് പാർലമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി സ്ഥിരം സമിതി അധ്യക്ഷന്‍ നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് അടുത്ത നടപടി.

മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, പ്രമുഖരുടെ അക്കൗണ്ടുകൾ അകാരണമായോ, തെറ്റായോ തടയൽ ഉള്‍പ്പെടെ നിരവധി ഗുരുതര വിഷയങ്ങളിൽ മെറ്റയെ കേന്ദ്രം ആശങ്ക അറിയിക്കും. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ മെറ്റയുടെ ആഗോള നേതൃസംഘം ഇന്ത്യ സന്ദർശിക്കുമ്പോൾ ഈ വിഷയങ്ങളിൽ കേന്ദ്രം ആശങ്കയറിയിച്ച്, മറുപടി തേടുമെന്നാണ് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകളുള്ള പ്രമുഖരുടെ ഉള്ളടക്കം നീക്കേണ്ടി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

PM's video at midnight
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതില്‍ ക്ഷമാപണം പോരാ... നടപടി വേണം; മെറ്റയ്‌ക്കെതിരെ പാർലമെന്ററി സമിതി

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് 36 ദിവസം നീണ്ട വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് ജൂലൈ 23ന് പ്രധാനമന്ത്രി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കർശനമായ, നിയമനടപടികൾ സ്വീകരിക്കുമെന്നും, നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം വീഡിയോയിൽ ഉറപ്പുനൽകിയിരുന്നു. പിറ്റേദിവസം പൊതുപരീക്ഷാ നിയമ ഭേഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്, പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജൂലൈ 28-ന് പുലര്‍ച്ചെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചയായതിനു പിന്നാലെയാണ് മെറ്റ വീഡിയോ പുനസ്ഥാപിച്ചത്. "സാങ്കേതിക പിഴവ് മൂലമാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, അത് പുനഃസ്ഥാപിച്ചതായും" മെറ്റ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

സംഭവത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടിയിരുന്നു. മെറ്റ നൽകിയ 'സാങ്കേതിക പിഴവ്' എന്ന വിശദീകരണം പൂർണമായും അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണന്റെ പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പാർലമെന്ററി സ്ഥിരംസമിതിയും നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള വിവാദപരവും ആക്ഷേപാർഹവുമായ ഉള്ളടക്കങ്ങൾക്കെതിരെ കമ്പനി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും സമിതി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

PM's video at midnight
ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം

സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, അവയുടെ നിയന്ത്രണം എന്ന വിഷയത്തിലാണ് പാർലമെന്ററി സ്ഥിരംസമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രമുഖ സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികളുടെ വിശദീകരണം തേടി. സ്നാപ് ചാറ്റ്, ഗൂഗിൾ, എക്‌സ് , മെറ്റ (ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം), യൂട്യൂബ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് സമിതിക്കു മുമ്പാകെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഉള്‍പ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com