Image: ANI
NATIONAL

നിയുക്ത എംഎല്‍എമാരെയെല്ലാം റിസോര്‍ട്ടിലേക്ക് മാറ്റി; വിജയ്‌യുടെ സത്യപ്രതിജ്ഞ മെയ് ഏഴിന്?

ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ചടങ്ങുകള്‍

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് യുടെ സത്യപ്രതിജ്ഞ മെയ് ഏഴിന് നടക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി എംഎല്‍എമാരേയെല്ലാം മാമല്ലപുരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 108 സീറ്റില്‍ വിജയിച്ചാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. സര്‍ക്കാരുണ്ടാക്കാന്‍ പത്ത് എംഎല്‍എമാരുടെ കുറവാണ് പാര്‍ട്ടിക്കുള്ളത്. സര്‍ക്കാരുണ്ടാക്കാനായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി വിജയ് ചര്‍ച്ച നടത്തുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണത്തിനായി സാവകാശം ആവശ്യപ്പെട്ട് ടിവികെയും ഗവര്‍ണര്‍ക്ക് കത്തയച്ചു. മെയ് ആറിന് വിജയ് തമിഴ്‌നാട് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് പിന്തുണ തേടിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് ഘടകം ടിവികെയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, കോണ്‍ഗ്രസ് പിന്തുണ കൊണ്ട് മാത്രം ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണ് തമിഴ്‌നാട്ടിലുള്ളത്.

അതേസമയം, മെയ് ഏഴിനു തന്നെ വിജയ് യുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള നീക്കം നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഒന്നും ഫലം കണ്ടില്ലെങ്കില്‍ മാത്രമാകും എഐഎഡിഎംകെയുമായി കൈ കോര്‍ക്കാന്‍ ടിവികെ തയ്യാറാവുക. അപ്പോഴും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാതെ എഐഎഡിഎംകെയെ ഒപ്പം ചേര്‍ക്കാന്‍ ടിവികെ തയ്യാറാവില്ല. സഖ്യത്തിലെത്തണമെങ്കില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിബന്ധന വിജയ് മുന്നോട്ട് വെച്ചേക്കും.

SCROLL FOR NEXT