സര്‍ക്കാര്‍ രൂപീകരണത്തിനായി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണങ്ങളെ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ സി. ജോസഫ് വിജയ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെയുമായി എഐഎഡിഎംകെ രഹസ്യചര്‍ച്ചകള്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആറ് എംഎല്‍എമാര്‍ രാജിവച്ചത്. ഡിഎംകെയാണ് മുഖ്യ എതിരാളി. എഐഎഡിഎംകെയെയും ബിജെപിയെയും 'മറ്റുള്ളവര്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിവികെയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ച എഐഎഡിഎംകെയുമായി അവരുടെ യഥാർഥ അനുയായികൾക്ക് ഇനി സഹകരിക്കാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു. അടുത്തമാസം ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകത്തെ പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. എഐഎഡിഎംകെ വിട്ടെത്തിയ മരഗതം കുമാരവേലാണ് മധുരാന്തകത്തെ ടിവികെ സ്ഥാനാര്‍ഥി.
എഐഎഡിഎംകെ സ്ഥാപകരായ എം.ജി. രാമചന്ദ്രന്റെയും ജെ. ജയലളിതയുടെയും പാരമ്പര്യം തങ്ങളുടേതാണെന്ന് സ്ഥാപിക്കാനും വിജയ് ശ്രമിച്ചു. 234ൽ 108 സീറ്റുകൾ ടിവികെ നേടിയിട്ടും, തന്നെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ച എഐഎഡിഎംകെയുമായി അവരുടെ യഥാർഥ അനുയായികൾക്ക് ഇനി സഹകരിക്കാൻ കഴിയില്ല. എംജിആറിന്റെയും ജയലളിതയുടെയും ബദ്ധശത്രു ഡിഎംകെ ആയിരുന്നു. ഡിഎംകെ മാത്രമാണ് തന്റെ പ്രധാന എതിരാളി. എഐഎഡിഎംകെയെയും ബിജെപിയെയും 'മറ്റുള്ളവർ' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോരാട്ടം രണ്ട് കക്ഷികൾ തമ്മിലാണ്, നന്മയുടെ ശക്തികളായ ടിവികെയും ദുഷ്ടശക്തിയായ ഡിഎംകെയും തമ്മിലാണെന്നും വിജയ് പറഞ്ഞു.
ഡിഎംകെയെ പ്രധാന പ്രതിപക്ഷമായി കണ്ടുകൊണ്ടായിരുന്നു വിജയ്‌യുടെ വാക്കുകള്‍. തമിഴ്‌നാട് രാഷ്ട്രീയം വീണ്ടുമൊരു ദ്വികക്ഷി മത്സരത്തിലേക്ക് മാറ്റുന്നതിന്റെ സൂചനകളും ആ വാക്കുകളിലുണ്ടായിരുന്നു. മരഗതം കുമാരവേലിനെ 'പ്രിയപ്പെട്ട അനുജത്തി' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. ടിവികെയില്‍ എത്തിയാല്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് മറ്റു വിമത എഐഎഡിഎംകെ നിയമസഭാംഗങ്ങൾക്കുള്ള കൃത്യമായൊരു സൂചന കൂടിയായിരുന്നു അത്. ടിവികെയ്ക്ക് നല്‍കപ്പെടുന്ന ഓരോ വോട്ടും, സ്ത്രീകളെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കും അസഭ്യം പറയുന്നവർക്കും നൽകുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും. എന്നാല്‍, ഡിഎംകെയ്‌ക്കോ എഐഎഡിഎംകെയ്‌ക്കോ വോട്ട് ചെയ്യുകയാണെങ്കിൽ, അത് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ പിന്തുണക്കുന്നതിന് തുല്യമായിരിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.