

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ മരുന്നു ക്ഷാമം രൂക്ഷം. ജീവൻരക്ഷാ മരുന്നുകൾ മുതൽ ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ വരെ സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിങ്ങിലൂടെ താല്‍ക്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണ് ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. വലിയ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുന്നതും പ്രതിസന്ധിയായി. ഈ മാസം അവസാനത്തോടെ മരുന്നുകളുടെ സ്റ്റോക്ക് എത്തുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഹൃദയാഘാതം, സ്ട്രോക്ക്, കൊളസ്ട്രോൾ, അസിഡിറ്റി, അൾസർ, പ്രമേഹം, കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകൾ കിട്ടാനില്ല. ആന്റി-കോഗുലന്റ് ഇൻജക്ഷൻ, ആന്റിബയോട്ടിക് ഇൻജക്ഷൻ എന്നിവയും സ്റ്റോക്കില്ല. ഓക്സിജൻ മാസ്ക്, നെബുലൈസേഷൻ മാസ്ക്, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ് എന്നിവയുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പിഎച്ച്സി മുതൽ മെഡിക്കൽ കോളേജ് വരെ പ്രതിസന്ധിയുള്ളതിനാൽ വലയുകയാണ് ജനങ്ങൾ.
ലോക്കൽ പർച്ചേസിലൂടെ താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണ് ആരോഗ്യവുകുപ്പ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രികൾക്കു പുറമേ പല പ്രധാന ജനറൽ, ജില്ലാ ആശുപത്രികൾക്കും 100 കോടി രൂപയ്ക്ക് മുകളിൽ കുടിശ്ശികയുണ്ട്. ഈ പ്രതിസന്ധിക്കിടയിൽ പണം നൽകി മരുന്നുകൾ വാങ്ങാൻ കഴിയാതെ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. ഈ മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. എന്നാൽ പുതിയ സ്റ്റോക്ക് എത്തുന്നത് വൈകിയാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും.
വൺ ടൈം സെറ്റിൽമെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. കൂടാതെ പർച്ചേസ് ഓർഡർ പ്രകാരമുള്ള സ്റ്റോക്ക് വേഗത്തിലെത്തിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ചില മരുന്നുകൾക്കായി റീ-ടെൻഡർ വിളിക്കേണ്ടി വന്നതാണ് നിലവിലെ കാലതാമസത്തിന് ഇടയാക്കിയതെന്നും വിശദീകരണമുണ്ട്. സാങ്കേതിക വിശദീകരണങ്ങൾ മരുന്നില്ലാതെ വലയുന്ന ജനങ്ങൾക്ക് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതിനോടക്കം സമൂഹമാധ്യമങ്ങളിൽ ആരോഗ്യ വകുപ്പ് വലിയ വിമർശനങ്ങൾ നേരിടുകയാണ്.