NATIONAL

സഭയില്‍ 144 അംഗങ്ങളുടെ 'വിശ്വാസം' നേടി മുഖ്യമന്ത്രി വിജയ്, വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ഡിഎംകെ; നാടകീയ രംഗങ്ങള്‍

അതേസമയം വിശ്വാസ വോട്ടെടുപ്പോടെ അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് പൂര്‍ണമായി. സഭയില്‍ വിജയ്‌യെ പിന്തുണച്ച് 25 വിമത അംഗങ്ങള്‍ രംഗത്തെത്തി.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് വിജയ്. 144 പേര്‍ ടിവികെ സഖ്യ സര്‍ക്കാരിനെ പിന്തുണച്ചു. അതേസമയം ഡിഎംകെ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ സംസാരിക്കവെ വ്യക്തമാക്കി.

ഒരു പ്രധാന പാര്‍ട്ടിയെ പിളര്‍ത്തിയത് ടിവികെയാണെന്നും ഇത് കുതിരക്കച്ചവടമാണെന്നും ഉദയനിധി പറഞ്ഞു. 65 ശതമാനം പേരുടെയും പിന്തുണ ലഭിക്കാത്ത സര്‍ക്കാര്‍ ആണിതെന്നും അത് മനസിലാക്കണമെന്നും ഉദയനിധി സംസാരിക്കവെ പറഞ്ഞു. ഭരണം റീല്‍ പോലെയല്ല, റിയല്‍ ആകണമെന്നും ഉദയനിധി പറഞ്ഞു.

'65 ശതമാനം പേരിനാല്‍ നിരാകരിക്കപ്പെട്ട സര്‍ക്കാര്‍ ആണ് നിങ്ങള്‍ എന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും വിശ്വാസം കുറച്ച് കുറച്ചായി കുറഞ്ഞ് വരികയാണ്. 118 സഭാംഗങ്ങളുടെ വിശ്വാസം നേടിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. എന്നാല്‍ വിശ്വാസം തേടുന്ന സര്‍ക്കാരിന് ആ നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. 108 അംഗസംഖ്യ മാത്രമാണ് ഉള്ളത്. അതില്‍ തന്നെ സാങ്കേതികമായി 106 ആണ് അവരുടെ അംഗബലം. അതിനാല്‍ ഞങ്ങളുടെ മുന്നണിയുടെ ഭാഗമായിരുന്ന കക്ഷികളെ കൂടി ചേര്‍ത്താണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ഇവര്‍ക്കൊപ്പം ചേര്‍ന്ന സിപിഐ, സിപിഐഎം, മുസ്ലീം ലീഗ്, വിസികെ എന്നീ കക്ഷികളെല്ലാം ഒപ്പം ചേരുന്നതിനായി പിന്തുണയ്ക്കുകയും സംസ്ഥാനത്ത് പ്രസിഡന്റ് ഭരണത്തിലേക്ക് പോകരുത് എന്ന സാഹചര്യം ഉള്ളതിനാലും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ തരാം എന്ന് പറയുകയുമായിരുന്നു. അത് മാത്രമല്ല, അപ്പോഴും ഡിഎംകെയ്‌ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുമ്പോഴും അവര്‍ പറഞ്ഞ മറ്റൊരു കാര്യം, ഇവിടെ മതത്തിന് അതീതമായ സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ എന്താണ് ഉണ്ടായത്. നിങ്ങളുടെ മുഖ്യ എതിരാളിയെന്ന് പറഞ്ഞ എന്‍ഡിഎ പിന്തുണയിലുള്ള എഐഎഡിഎംകെയുടെ തലവന്‍ അറിയാതെ അതിലെ ഒരു വിഭാഗം കള്ളത്തരം കാണിച്ച് നിങ്ങളെ പിന്തുണച്ചിരിക്കുന്നു,' ഉദയനിധി പറഞ്ഞു.

അതേസമയം വിശ്വാസ വോട്ടെടുപ്പോടെ അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് പൂര്‍ണമായി. സഭയില്‍ വിജയ്‌യെ പിന്തുണച്ച് 25 വിമത അംഗങ്ങള്‍ രംഗത്തെത്തി. വിമത വിഭാഗം നേതാവ് എസ്.പി. വേലുമണിയെ സംസാരിക്കാന്‍ അനുവദിച്ചതോടെ സഭയില്‍ ബഹളമായി. സംസാരിക്കാന്‍ അനുവദിക്കുന്നത് തന്റെ അവകാശമെന്നു സ്പീക്കര്‍ വ്യക്തമാക്കി. എഐഎഡിഎംകെ വിജയ് സര്‍ക്കാരിന് എതിരായി വോട്ട് ചെയ്തു.

സര്‍ക്കാര്‍ തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കും പിന്തുണയ്ക്കാത്തവര്‍ക്കും ഒക്കെ വേണ്ടിയുള്ളതാണെന്ന് വിജയ് സംസാരിക്കവെ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ തീരുമാനങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടരുമെന്നും എതിര്‍ കക്ഷികളെ ശത്രുക്കളായി സര്‍ക്കാര്‍ കാണില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT