Image: ANI
NATIONAL

ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാനാണ് വിജയ്‌യുടെ നീക്കം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. ഈ ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയ് വ്യക്തമാക്കി.

ആശംസകള്‍ അറിയിച്ച രാഹുല്‍ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. പൊതു സേവനത്തിലും തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കുന്നതിലും ടിവികെ പ്രതിജ്ഞാബദ്ധരായിരിക്കും എന്നാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ പ്രതികരണത്തില്‍ വിജയ് പറഞ്ഞത്. രാഷ്ട്രീയത്തിനതീതമായി തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും തങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ടിവികെ നീങ്ങിയതായാണ് സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാനാണ് വിജയ്‌യുടെ നീക്കം. വിജയ്യെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിനായി സാവകാശം ആവശ്യപ്പെട്ട് ടിവികെയും ഗവര്‍ണര്‍ക്ക് കത്തയച്ചു. വിജയിച്ച ടിവികെ സ്ഥാനാര്‍ഥികളുമായി പാര്‍ട്ടി അധ്യക്ഷന്‍ വിജയ് കൂടിക്കാഴ്ച നടത്തും. ഇതിനിടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗം വിജയ്യെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിജയ്യുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള നീക്കം നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഒന്നും ഫലം കണ്ടില്ലെങ്കില്‍ മാത്രമാകും എഐഎഡിഎംകെയുമായി കൈ കോര്‍ക്കാന്‍ ടിവികെ തയ്യാറാവുക. അപ്പോഴും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാതെ എഐഎഡിഎംകെയെ ഒപ്പം ചേര്‍ക്കാന്‍ ടിവികെ തയ്യാറാവില്ല. സഖ്യത്തിലെത്തണമെങ്കില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിബന്ധന വിജയ് മുന്നോട്ട് വെച്ചേക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭാ രൂപീകരണത്തിന് സാവകാശം ആവശ്യപ്പെട്ട് ടിവികെ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നാണ് ആവശ്യം.

കേവല ഭൂരിപക്ഷത്തിനായി 11 സീറ്റ് ആവശ്യമുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കത്തിലാണ് ടിവികെ. ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ് എടുക്കുന്ന നിലപാട് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിക്ക് നിര്‍ണായകമാവും.

SCROLL FOR NEXT