ചെന്നൈ: കരൂര്‍ ദുരുന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും. രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും. പതിനൊന്ന് മണിയോടെയാണ് സിബിഐ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടത്. ഡല്‍ഹിയില്‍ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തും.
വിജയ്‌ക്കൊപ്പം പാര്‍ട്ടി ഭാരവാഹികളും അഭിഭാഷകരും ഉണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി രണ്ട് ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ ടിവികെയുടെ പൊതു പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്.
കേസ് അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറുകയും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനലിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
കേസ് അന്വേഷണത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ച് ഈ കമ്മീഷനെയും സുപ്രീം കോടതി റദ്ദാക്കി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു തമിഴക വെട്രി കഴകം ആവശ്യപ്പെട്ടത്.
വിജയ് എത്താന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നായിരുന്നു തമിഴ്‌നാട് പൊലീസ് പറഞ്ഞിരുന്നത്. വിജയിയെ കാത്ത് ദീര്‍ഘനേരം ആളുകള്‍ ഇരുന്നതും കൂടുതല്‍ പേര്‍ നിയന്ത്രണാതീതമായി എത്താനും കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ടോയ്‌ലറ്റ് സൗകര്യമോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ഭരണകക്ഷിയായ ഡിഎംകെയുടെ ഗൂഢാലോചനയാണെന്നാണ് ടിവികെയുടെ ആരോപണം. ജനക്കൂട്ട നിയന്ത്രണത്തിനും വേദിയിലേക്കുള്ള സമീപ റോഡുകളിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിലും പോലീസിന് വീഴ്ച പറ്റിയെന്നും ടിവികെ ആരോപിച്ചു.