ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ജനുവരി 19 ന് ഹാജരാകാൻ സിബിഐ നിർദേശിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്ത വിജയ്‌യോട് അടുത്ത ദിവസം തിരിച്ചെത്താൻ ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ ഉത്സവം ചൂണ്ടിക്കാട്ടി മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കരൂർ ദുരന്തത്തിൽ തന്റെ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് വിജയ് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. 'ടിവികെയ്ക്ക് ഇതിന് ഉത്തരവാദിത്തമില്ല. ഞാന്‍ വേദി വിട്ടത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്,' വിജയ് പറഞ്ഞതായി അടുത്ത ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് വിജയിയോട് നിരവധി ചോദ്യങ്ങള്‍ സിബിഐയുടെ പ്രത്യേക ടീം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിയാണ് വിജയ്‌യും അഭിഭാഷകരുമടങ്ങുന്ന സംഘം ഡല്‍ഹിയില്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്.
തമിഴ്‌നാട് മുൻ എഡിജിപി (ക്രമസമാധാനപാലനം) എസ് ഡേവിഡ്‌സൺ ദേവശിർവ്വതത്തെയും അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്തു. കേസിൽ ഇതുവരെ നിരവധി ടിവികെ ഭാരവാഹികളെയും വിജയ്‌യുടെ ഡ്രൈവറെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും അവർ ചോദ്യം ചെയ്തു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് തമിഴ്‌നാട് പൊലീസ് എസ്‌ഐടിയിൽ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തത്. അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയും രൂപീകരിച്ചിരുന്നു.
2025 സെപ്റ്റംബർ 27 ന് കരൂരിൽ ടിവികെയുടെ പൊതു പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം. കേസിൽ സിബിഐ തെളിവുകൾ ശേഖരിച്ചുവരികയാണ്.