Image: X
NATIONAL

പ്രതീക്ഷിക്കുന്നത് 35,000 പേരെ; വിജയ്‌യുടെ ഈറോഡ് പൊതുയോഗം ഇന്ന്

24 ആംബുലന്‍സുകളും 72 ഡോക്ടര്‍മാരും 120 നഴ്സുമാരും വേദിയില്‍ വിന്യസിക്കും

Author : ന്യൂസ് ഡെസ്ക്

ഈറോഡ്: ടിവികെ അധ്യക്ഷും നടനുമായ വിജയ് ഇന്ന് ഈറോഡില്‍ എത്തും. ഈറോഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയ് സംസാരിക്കും. കരൂര്‍ ദുരന്തത്തിനു ശേഷം ഓഡിറ്റോറിയത്തിനു പുറത്ത് നടക്കുന്ന ടിവികെയുടെ ആദ്യ പൊതുസമ്മേളനമാണ് ഈറോഡിലേത്.

ഈറോഡ് വിജയമംഗലം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള മൂങ്കില്‍ പാളയം മൈതാനത്താണ് പൊതുസമ്മേളനം നടക്കുക. 84 കര്‍ശന നിബന്ധനകളോടെയാണ് പൊതുസമ്മേളനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

എഐഡിഎംകെയില്‍ നിന്ന് ടിവികെയിലെത്തിയ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.എ. സെങ്കോട്ടയ്യനും പൊതുയോഗത്തിന് എത്തുമെന്നാണ് വിവരം. ടിവികെയുടെ ഉന്നതതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചീഫ് കോര്‍ഡിനേറ്ററാണ് സെങ്കോട്ടയ്യന്‍. ഈറോഡ്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി എന്നീ പടിഞ്ഞാറന്‍ ജില്ലകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും സെങ്കോട്ടയ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കരൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ടിവികെ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുയോഗത്തിന് മുന്നോടിയായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ടിവികെ ഒരുക്കിയിട്ടുണ്ടെന്ന് സെങ്കോട്ടയ്യനും അറിയിച്ചു. സുരക്ഷയ്ക്കും നിരീക്ഷണങ്ങള്‍ക്കുമായി 40 സിസിടിവി ക്യാമറകളാണ് സ്ഥലത്ത് സ്ഥാപിച്ചത്. നാല്‍പ്പത് വാക്കി-ടാക്കികളും സ്ഥാപിക്കും. 24 ആംബുലന്‍സുകളും 72 ഡോക്ടര്‍മാരും 120 നഴ്സുമാരും വേദിയില്‍ വിന്യസിക്കും.

20 ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് കുപ്പികളിലാക്കി പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യും. 20 സ്ഥലങ്ങളില്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും മൂന്ന് ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ വേദിയില്‍ നിലയുറപ്പിക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.

ഗതാഗതം നിയന്ത്രിക്കുന്നതിനും പാര്‍ക്കിങ്ങിനുമായി സജ്ജീകരണങ്ങള്‍ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു. ടു വീലറിനു വേണ്ടി പ്രത്യേകം 20 ഏക്കര്‍ സ്ഥലം നിശ്ചയിച്ചു. സുരക്ഷയ്ക്കായി 1,500 പേരെ വിന്യസിക്കുമെന്ന് പോലീസ് പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 10,000 പാര്‍ട്ടി കേഡര്‍മാരും 25,000 പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനത്തിന് പാസുകളോ ക്യുആര്‍ കോഡുകളോ ആവശ്യമില്ല.

പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വേദിയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സമയം പോലീസ് തീരുമാനിക്കുമെന്നാണ് സെങ്കോട്ടയ്യന്‍ അറിയിച്ചിരിക്കുന്നത്. യോഗത്തിനുശേഷം സുഗമമായ പിരിഞ്ഞുപോകല്‍ ഉറപ്പാക്കാന്‍ 14 എക്‌സിറ്റ് റൂട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിജയ്ക്ക് ഔപചാരികമായ സ്വീകരണത്തിനായി പ്രത്യേക സ്ഥലം നീക്കിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT