

ചെന്നൈ: മുൻമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന കെ.എ. സെങ്കോട്ടയ്യൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേർന്നു. 50 വർഷത്തോളം എഐഎഡിഎംകെയുടെ വിശ്വസ്തനായ കൂട്ടാളിയായിരുന്ന സെങ്കോട്ടയ്യൻ കഴിഞ്ഞ ദിവസമാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. ഗോബിചെട്ടിപ്പാളയത്ത് നിന്നുള്ള എംഎൽഎ ആയിരുന്നു. തുടർച്ചയായി ഒൻപത് തവണയാണ് കെ.എ. സെങ്കോട്ടയ്യൻ ഇവിടെ നിന്നും ജയിച്ച് തമിഴ്നാട് നിയമസഭയുടെ ഭാഗമായത്.
ഇന്ന് വിജയ്‌യുടെ പനൈയൂരിലെ പാർട്ടി ഓഫീസിലെത്തിയാണ് അദ്ദേഹം ടിവികെയുടെ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ നാല് ജില്ലകളുടെ മേൽനോട്ട ചുമതലയുള്ള ഓർഗനൈസേഷൻ സെക്രട്ടറിയായും അദ്ദേഹത്തെ അവരോധിച്ചു. സെങ്കോട്ടയ്യന് വ്യക്തിപരമായ സംഘടനാ സ്വാധീനവും ഉറച്ച വോട്ടർമാരുമുള്ള കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ ചുമതലയാണ് നൽകിയത്.
സെങ്കോട്ടയ്യനെ ടിവികെയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പാർട്ടി അധ്യക്ഷനായ വിജയ് ഒരു വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിട്ടുണ്ട്. “20 വയസ്സുള്ളപ്പോൾ കെ.എ. സെങ്കോട്ടയ്യൻ എംജിആറിൽ വിശ്വസിക്കുകയും അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. അത്രയും ചെറുപ്പത്തിൽ തന്നെ നിയമസഭാംഗമാകുക എന്ന സുപ്രധാന ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. അന്നു മുതൽ തൻ്റെ യാത്രയിലുടനീളം ആ പ്രസ്ഥാനത്തിലെ രണ്ട് ഉന്നത നേതാക്കളായ എംജിആറിൻ്റെയും ജയലളിതയുടെയും വിശ്വസ്തനായി അദ്ദേഹം പൊതുജീവിതം നയിച്ചു. 50 വർഷക്കാലം ഒരേ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന സെങ്കോട്ടയ്യൻ്റെ രാഷ്ട്രീയ പരിചയവും, അദ്ദേഹത്തിൻ്റെ സംഭാവനകളും തമിഴക വെട്രി കഴകത്തിന് വലിയ ശക്തിയായിരിക്കും. ആ വിശ്വാസത്തോടെ അദ്ദേഹത്തോടൊപ്പം കൈകോർത്ത് ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” വിജയ് പറഞ്ഞു.
സെപ്റ്റംബർ 5ന് എഐഡിഎംകെയിൽ നിന്നും പുറത്താക്കിയ നേതാക്കളായ ഒ പനീർ ശെൽവം, ടി.ടി.വി. ദിനകരൻ, വി.കെ. ശശികല എന്നിവരെ തിരിച്ചു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് സെങ്കോട്ടയ്യൻ പരസ്യമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുന്നോട്ടുള്ള തെരഞ്ഞെടുപ്പിൽ പരാജയം ഒഴിവാക്കാൻ ഇവരെ തിരിച്ചു കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും സെങ്കോട്ടയ്യൻ വാദിച്ചിരുന്നു. ഇതേ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് പാർട്ടിയുടെ ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ നീക്കിയത്.
വിജയ്‌യുടെ ജനപ്രീതിയിലും, രാഷ്ട്രീയ കേഡറിനേക്കാൾ യുവജനങ്ങളുടെ പിന്തുണ അടിത്തറയാക്കിയും കെട്ടിപ്പടുത്ത പാർട്ടിയായ ടിവികെയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വഴിത്തിരിവാണ്. ഇതുവരെ ഒരു നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രമായി 20,000–30,000 വോട്ടുകൾ നേടാൻ പ്രാപ്തിയുള്ള ഒരു പരിചയസമ്പന്നനായ രാഷ്ട്രീയക്കാരൻ ടിവികെയിൽ ഉണ്ടായിരുന്നില്ല. വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് പുറമെ, സെങ്കോട്ടയ്യൻ്റെ സ്വന്തം തട്ടകമായ ഗോബിചെട്ടിപ്പാളയം കൂടി ടിവികെ ഇതോടെ വിജയിക്കാവുന്ന മണ്ഡലമായി മാറും. ഇത് 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ രണ്ടാമത്തെ ഉറപ്പുള്ള സീറ്റായി മാറാൻ സാധ്യതയുണ്ട്.