മഹാത്മാ ഗാന്ധിയെ കൊന്ന നാദുറാം ഗോഡ്‌സെയുടെ മെന്റര്‍ ആയിരുന്നു വി.ഡി. സവര്‍ക്കര്‍. ഗാന്ധിയെ കൊല്ലുന്നതിനു മുമ്പ് ഗോഡ്‌സെ സവര്‍ക്കറെ കണ്ട് ആശീര്‍വാദം വാങ്ങിയെന്ന് കൂട്ടു പ്രതികളിലൊരാളായ ദിഗംബര്‍ ബാഗ്ഡെയുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗാന്ധി വധത്തില്‍ അറസ്റ്റിലായവരില്‍ സവര്‍ക്കറും ഉണ്ടായിരുന്നു. സവര്‍ക്കര്‍ നേതൃത്വം നല്‍കിയ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനായിരുന്നു നാദുറാം വിനായക് ഗോഡ്‌സെ. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന സവര്‍ക്കര്‍ ആത്മകഥ എഴുതിയതു മുതലാണ് വീര്‍ എന്ന വിശേഷണം സ്വയം ഉപയോഗിക്കാന്‍ തുടങ്ങിയത്.
ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ചര്‍ച്ചയായതും കുപ്രസിദ്ധവുമായ മാപ്പപേക്ഷകളും ഈ സവര്‍ക്കറുടേതാണ്.
1911 ലാണ് സവര്‍ക്കര്‍ ആദ്യമായി മാപ്പ് അപേക്ഷിച്ചത്. പിന്നീട് 1913 നവംബര്‍ 14 നും സവര്‍ക്കര്‍ മാപ്പ് തേടി. ഈ രണ്ട് കാലഘട്ടത്തിലും ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. നാസിക് കലക്ടറായിരുന്ന എ.എം.ടി ജാക്‌സനെ സവര്‍ക്കര്‍ നയിച്ചിരുന്ന അഭിനവ് ഭാരത് സൊസൈറ്റി പ്രവര്‍ത്തകനായിരുന്ന അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്ന് സംഘടിപ്പിച്ചുവെന്ന കണ്ടെത്തലില്‍ 1910ല്‍ ഇയാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സണ്‍ വൈലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ നേരത്തേതന്നെ നിരീക്ഷണത്തിലായിരുന്നു. ഈ കേസിലാണ് സവര്‍ക്കര്‍ക്ക് 50 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുന്നത്. 1911 ജൂലൈ 4നു പോര്‍ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്ലാസ് 3ഡി തടവുകാരനായി ജയിലില്‍ എത്തിയ സവര്‍ക്കറെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു. ജയിലിലെ 32778-ാം നമ്പര്‍ തടവുകാരന്‍ ആയിരുന്നു സവര്‍ക്കര്‍.
ഡല്‍ഹി ദര്‍ബാര്‍ പൊതുമാപ്പിന്റെ ഭാഗമായി മോചനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തടവുകാരോട് മാപ്പപേക്ഷ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ജയില്‍ അധികൃതര്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. ഇതായിരുന്നു സവര്‍ക്കറുടെ ആദ്യ മാപ്പ്. ശിക്ഷാ ഇളവുകള്‍ തേടിക്കൊണ്ട് അഞ്ചു തവണ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനങ്ങള്‍ അയച്ചിരുന്നു. 1913ല്‍ എഴുതിയ രണ്ടാമത്തെ മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ സ്വയം വിശേഷിപ്പിച്ചത് 'ധൂര്‍ത്തനായ പുത്രന്‍' എന്നായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വയം പഴിച്ചു കൊണ്ടും ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു കൊണ്ടും സവര്‍ക്കര്‍ കത്തുകളെഴുതിക്കൊണ്ടിരുന്നു.
1921 വരെ 10 വര്‍ഷം സവര്‍ക്കര്‍ ആന്‍ഡമാനിലെ തടവറയിലും പിന്നീട് 3 വര്‍ഷം രത്നഗിരിയിലെ ജയിലിലും അടക്കം 13 വര്‍ഷക്കാലം തടവുശിക്ഷ അനുഭവിച്ചു. ഇനിമുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കിയതിന്റെ ഫലമായി 1924 ല്‍ ജയില്‍ മോചിതനായി. 1937 വരെ രത്‌നഗിരി ജില്ല വിട്ട് പുറത്തുപോകുവാന്‍ സവര്‍ക്കര്‍ക്ക് അനുമതിയും ഉണ്ടായിരുന്നില്ല. പിന്നീട് മാപ്പപേക്ഷയില്‍ ഉറപ്പ് നല്‍കിയതുപോലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പ്രത്യക്ഷമായി ഇടപെട്ടതുമില്ല. മാത്രമല്ല, 1942ല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് രൂപം നല്‍കിയപ്പോള്‍ അതിനെ വിമര്‍ശിച്ചതും സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയാണ്. ജയില്‍ മോചിതനായ ശേഷം ഹിന്ദുത്വയില്‍ കേന്ദ്രീകരിച്ചായിരുന്നു സവര്‍ക്കറുടെ പ്രചരണങ്ങളും എഴുത്തുകളുമെല്ലാം.
1883 മേയ് 28ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ബാഗൂര്‍ എന്ന ഗ്രാമത്തിലാണ് സവര്‍ക്കര്‍ ജനിച്ചത്. സവര്‍ക്കര്‍ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഗ്രാമത്തില്‍ നടന്ന ഒരു വര്‍ഗീയ കലാപത്തില്‍ സവര്‍ക്കറും സംഘവും ഒരു മുസ്ലീം പള്ളി ആക്രമിച്ചിരുന്നു. ഇക്കാലത്താണ് സഹോദരനുമായി ചേര്‍ന്ന് മിത്രമേള എന്ന രഹസ്യ സംഘടന രൂപീകരിക്കുന്നത്. ഇതാണ് പിന്നീട് അഭിനവ ഭാരത് സൊസൈറ്റി എന്ന പേരില്‍ അറിയിപ്പെട്ടത്.
സവര്‍ക്കറുടെ മാപപ്പേക്ഷകള്‍
1. 1911 ഏപ്രില്‍ 4 ന് ആന്തമാനിലെ സെല്ലുലര്‍ ജയിലില്‍ നിന്ന് ദയാഹര്‍ജി നല്‍കിയെങ്കിലും 1911 സെപ്റ്റംബര്‍ 3 ന് തള്ളപ്പെട്ടു
2. 1913 ല്‍ താനൊരു ധൂര്‍ത്തനായ പുത്രനാണെന്നും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും എഴുതിയ സവര്‍ക്കറുടെ രണ്ടാമത്തെ ദയാഹര്‍ജി. തന്നെ മോചിപ്പിച്ചാല്‍ ചെറുപ്പക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റുമെന്ന് വാഗ്ദാനം. ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാന്‍ എല്ലാ രീതിയിലും തയ്യാറാെന്നും ഉറപ്പ്.
3. 1917ല്‍ മൂന്നാമത്തെ മാപ്പപേക്ഷ.
4. 1920ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ സവര്‍ക്കറുടെ നാലാമത്തെ മാപ്പപേക്ഷ. സായുധ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് ഭരണകൂടത്തിന് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പും സവര്‍ക്കര്‍ ദയാഹര്‍ജിയില്‍ എഴുതി.
5. അതേ വര്‍ഷം തന്നെ ബ്രിട്ടീഷ് ഭരണകൂടത്തെ അംഗീകരിച്ചു കൊണ്ട് വീണ്ടുമൊരു സത്യപ്രസ്താവന
ക്വിറ്റ് ഇന്ത്യാ സമരത്തിലെ നിലപാട്
ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുമഹാസഭ പ്രവര്‍ത്തകരോട് ക്വിറ്റ് ഇന്ത്യാ സമരവുമായി ഒരു തരത്തിലും സഹകരിക്കരുതെന്നാവശ്യപ്പെട്ട് സവര്‍ക്കര്‍ എഴുതിയിരുന്നു. 1942 ല്‍ കാണ്‍പൂരില്‍ നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തില്‍ കപടദേശീയതാവാദം പുലര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ എല്ലാ നയങ്ങളേയും എതിര്‍ക്കണമെന്ന് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. യുദ്ധസമയത്ത് ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്ത് സമയം കളയാതെ, ആഭ്യന്തര ശത്രുക്കളായ കോണ്‍ഗ്രസ്സിനെതിരേയും മുസ്ലീങ്ങള്‍ക്കെതിരേയും പോരാടാന്‍ സവര്‍ക്കര്‍ അനുയായികളോട് ആഹ്വാനം ചെയ്തു.
സവര്‍ക്കറുടെ ദ്വിരാഷ്ട്രവാദം
ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു എതിര്‍പ്പുമില്ലെന്നും മുസ്ലീങ്ങളും ഹിന്ദുക്കളും രണ്ട് ദേശീയതകളാണെന്നും സവര്‍ക്കര്‍ വാദിച്ചു.
ആത്മഹത്യ
1966 ഫെബ്രുവരി 26 ന് 83ാം വയസ്സില്‍ സവര്‍ക്കര്‍ ആത്മഹത്യ ചെയ്തു. മരണത്തിന് മുന്‍പ് 'ആത്മഹത്യ കെ ആത്മാര്‍പ്പണ്‍' എന്ന ലേഖനവും എഴുതിയിരുന്നു. ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താല്‍ മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നതിലും നല്ലത് ജീവിതം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു അതില്‍ എഴുതിയത്.
ഭക്ഷണവും വെള്ളവും മരുന്നുകളും വേണ്ടെന്നു വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം.