
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിന പോസ്റ്ററില്‍ മഹാത്മാ ഗാന്ധിക്കൊപ്പം വി. ഡി. സവർക്കറുടെ ചിത്രവും. സുരേഷ് ഗോപി സഹമന്ത്രിയായ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഓദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്ററിലാണ് സ്വാതന്ത്രസമര പോരാളികള്‍ക്കൊപ്പം സവർക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസിനെ പ്രശംസിച്ച് സംസാരിച്ചത് ചർച്ചയാകുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും സവർക്കറിനെ ഉള്‍പ്പെടുത്തിയ പോസ്റ്റർ പുറത്തുവരുന്നത്.
"നമ്മുടെ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം - ഐക്യത്തിലൂടെയും, സഹാനുഭൂതിയിലൂടെയും, പ്രവൃത്തിയിലൂടെയും നാം അതിനെ എല്ലാ ദിവസവും പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്," പെട്രോളിയം മന്ത്രാലയം എക്സില്‍ കുറിച്ചു.
മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് വി.ഡി. സവർക്കർ ഇടം പിടിച്ചത്. സ്വാതന്ത്ര്യം ഇവരുടെ സമ്മാനമാണെന്നും ഭാവി രൂപപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നതും കാണാം. ഇതിനോടകം തന്നെ പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കുകയാണ്. സവർക്കർ എങ്ങനെ സ്വാതന്ത്ര സമര സേനാനി ആയി എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഗാന്ധി വധ ഗൂഢാലോചനയില്‍ സവർക്കറിന് പങ്കുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആർഎസ്എസ് സ്ഥാപക ദിനത്തിന്റെ നൂറാം വാർഷിക വേളയില്‍ സംഘടനയെ വാനോളം പുകഴ്ത്തിയായിരുന്നു നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഇതര (എന്‍ജിഒ) സംഘടനയാണ് ആർഎസ്എസ് എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. ആർഎസ്‌എസ് ഇന്ത്യയെ സേവിക്കുന്നതിനായി സമർപ്പിതമാണെന്നും അതിന്റെ ചരിത്രത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.