കാഠ്‌മണ്ഡു: നേപ്പാളിലെ ഖോട്ടാങ് ജില്ലയിൽ ലാൻഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട എയർ ഡൈനാസ്റ്റി എന്നറിയപ്പെടുന്ന ഹെലികോപ്റ്റർ ബലാബേസിയിലാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്റർ തകരുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെങ്കിലും യാത്രക്കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വിവരം. നടുക്കുന്ന ദൃശ്യങ്ങളിൽ ഹെലികോപ്റ്ററിൻ്റെ ബ്ലേഡുകളും ടെയ്ൽ ഭാഗവും തകരുന്നതും പല കഷ്ണങ്ങളായി മുറിയുന്നതും കാണാം. ജനവാസ മേഖലയിൽ തന്നെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.
ചരിഞ്ഞ പ്രതലമുള്ള കുന്നിൻമുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്നതിനിടെ കെട്ടിടങ്ങളിൽ ചെന്നിടിക്കുമെന്ന് തോന്നിച്ചെങ്കിലും, കൃത്യം ലാൻഡിങ് സ്പേസിൽ നിർത്താൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ലാൻഡ് ചെയ്തതിന് പിന്നാലെ നിയന്ത്രണം വിട്ട് ഹെലികോപ്റ്റർ മറിയുന്നതും അപകടത്തിൽ പെടുന്നതും വൈറൽ ദൃശ്യങ്ങളിലുണ്ട്. പൊട്ടിത്തെറി ഒഴിവായതിനാലാണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്.