ബിഹാർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് പാട്നയിൽ സമാപനം. ഹേമന്ത് സോറൻ, അഖിലേഷ് യാദവ്, എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ സമാപനചടങ്ങിൽ പങ്കെടുക്കും. പദയാത്രയ്ക്ക് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇൻഡ്യാ സഖ്യ നേതാക്കളുടെ യോഗം രാവിലെ എട്ട് മണിക്ക് നടക്കും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
മഹാരാഷ്ട്ര, കർണാടക, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ പ്രതിഷേധമാണ് വോട്ടർ അധികാർ യാത്രയിലൂടെ ബിഹാർ കണ്ടത്.
ഓഗസ്റ്റ് 17ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര രണ്ടാഴ്ച കൊണ്ട് ബീഹാറിലെ 30 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്. ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെയാണ് വോട്ട് അധികാര്‍ യാത്ര കടന്നുപോയത്.