Source: X
NATIONAL

ഔദ്യോഗിക കത്തുകളിൽ "വിശ്വസ്ഥതയോടെ എന്നതിന് പകരം വന്ദേമാതരം എന്നെഴുതും"; പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്

വന്ദേമാതര'ത്തിന്റെ പൈതൃകത്തിൽ നിന്നും സാംസ്കാരിക പ്രാധാന്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കമെന്നും ഗവർണർ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് തൻ്റെ ഔദ്യോഗിക കത്തുകളിൽ ഇനി മുതൽ വിശ്വസ്ഥതയോടെ എന്നതിന് പകരം വന്ദേമാതരം എന്ന് ഉപയോഗിക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുളള ആദരവും ദേശിയതയും ഉയർത്തിപ്പിടിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് നടപടി. രാജ്ഭവൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

വന്ദേമാതര'ത്തിന്റെ പൈതൃകത്തിൽ നിന്നും സാംസ്കാരിക പ്രാധാന്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കമെന്നും ഗവർണർ പറയുന്നു. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു.

ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ഈ ഐതിഹാസിക സൃഷ്ടിയോടുള്ള ആദരവിന്റെ അടയാളമായി, എല്ലാവരും അവരുടെ ജീവിതത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും 'വന്ദേമാതരം' ഉൾപ്പെടുത്തുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്നും അഭ്യർഥനയിൽ പറയുന്നു.

രാഷ്ട്രത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതും തലമുറകളെ പ്രചോദിപ്പിക്കുന്നതുമായ കാലാതീതമായ സൃഷ്ടിയെന്നാണ് വന്ദേമാതരത്തെ വിശേഷിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ഐക്യം, ദേശസ്‌നേഹം, സാംസ്‌കാരിക അഭിമാനം എന്നിവയുടെ മൂല്യങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ പറഞ്ഞു.

SCROLL FOR NEXT