ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് പശ്ചിമ ബംഗാളിലെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട്. ഈ മാസം പുറത്തിറക്കിയ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കുറവ് ശൈശവ വിവാഹങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
രജിസ്ട്രാർ ജനറല്‍ ആന്‍ഡ് സെൻസസ് കമ്മീഷണർ ഓഫീസ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം, പശ്ചിമ ബംഗാളിൽ 6.3 ശതമാനം സ്ത്രീകൾ 18 വയസിന് മുമ്പ് വിവാഹിതരാകുന്നു. ജാർഖണ്ഡ് ആണ് രണ്ടാം സ്ഥാനത്ത്. 4.6 ആണ് സംസ്ഥാനത്ത് ശൈശവ വിവാഹ നിരക്ക്. ഏറ്റവും കുറവ് കേരളത്തിലാണ് (0.1 ശതമാനം). തൊട്ടുപിന്നിലുള്ള ഹിമാചൽ പ്രദേശിലും ഹരിയാനയിലും യഥാക്രമം 0.4 ശതമാനവും 0.6 ശതമാനവും ശൈശവ വിവാഹങ്ങള്‍ രേഖപ്പെടുത്തി. 2025 സെപ്റ്റംബറില്‍ എസ്‌ആർഎസ് പ്രസിദ്ധീകരിച്ച 2023ലെ സ്ഥിതിവിവര റിപ്പോർട്ടിലെ കണക്കാണിത്.
ദേശീയ തലത്തിൽ 2.1 ശതമാനം സ്ത്രീകൾ 18 വയസിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഗ്രാമപ്രദേശങ്ങളിലും, 18 വയസിന് മുമ്പ് വിവാഹിതരായ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതൽ (5.8 ശതമാനം) പശ്ചിമ ബംഗാളിലാണ്. തൊട്ടുപിന്നില്‍ ജാർഖണ്ഡ് (5.2 ശതമാനം). നഗരപ്രദേശങ്ങളിലും, ശൈശവ വിവാഹം ഏറ്റവും ഉയർന്ന അനുപാതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പശ്ചിമ ബംഗാളിലാണ് (7.6 ശതമാനം). ജമ്മു കശ്മീർ (3.5 ശതമാനം), ഒഡീഷ (2.8 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
2025 മെയ് മാസം പുറത്തുവിട്ട എസ്ആർഎസ് റിപ്പോർട്ടിലും ഗ്രാമ പ്രദേശങ്ങളില്‍ ഏറ്റവും ഉയർന്ന ശൈശവ വിവാഹ നിരക്ക് പശ്ചിമ ബംഗാളിലായിരുന്നു. ആറ് ശതമാനമായിരുന്നു മെയ് മാസത്തെ കണക്ക്. നഗരപ്രദേശങ്ങളില്‍ 9.2 ശതമാനം സ്ത്രീകള്‍ പ്രായപൂർത്തിയാകും മുന്‍പ് വിവാഹിതരാകുന്നതായിട്ടായിരുന്നു റിപ്പോർട്ട്. സെപ്റ്റംബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി കാണാം.
ശൈശവ വിവാഹം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദശാബ്ദക്കാലമായി അവതരിപ്പിക്കുന്ന നയങ്ങള്‍ ഫലപ്രദമല്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെൺകുട്ടികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശൈശവ വിവാഹം കുറയ്ക്കുന്നതിനുമായി 2013ൽ പശ്ചിമ ബംഗാൾ സർക്കാർ 'കന്യാശ്രീ' എന്നൊരു പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 93 ലക്ഷം കവിഞ്ഞതായും ഇത് ഉടൻ ഒരു കോടി കടക്കുമെന്നുമാണ് 2025 ഓഗസ്റ്റ് 14ന് കൊൽക്കത്തയിൽ നടന്ന കന്യാശ്രീ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്.
സംസ്ഥാനത്തെ ജനസംഖ്യ 10 കോടിയാണെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 9.3 ശതമാനം ഇതിനകം പദ്ധതിയുടെ പരിധിയിൽ വന്നിട്ടുണ്ടെന്നാണ് മമത ബാനർജി അവകാശപ്പെടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 593.51 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ശൈശവ വിവാഹ നിരക്കില്‍ പ്രകടമായ മാറ്റമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.