
ന്യൂഡല്‍ഹി: 2026ല്‍ 10, 12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് വിദ്യാർഥികള്‍ക്ക് 75 ശതമാനം ഹാജർ ഉണ്ടാകണമെന്ന് സിബിഎസ്ഇ. വിദ്യാർഥികളുടെ ഹാജർ നിലയെ ബോർഡ് ഇന്റേണല്‍ അസസ്മെന്റുമായി നേരിട്ട് ബന്ധിപ്പിച്ചു. അതിനാല്‍ ഒരു വിദ്യാർഥിയുടെ ഫലം പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹാജർ ഇനി നിർണായക ഘടകമാകും.
സെപ്റ്റംബർ 15ന് പുറത്തിറക്കിയ സർക്കുലറില്‍, ഇന്റേണല്‍ അസസ്മെന്റ് എന്നത് ഒറ്റത്തവണ പ്രവർത്തനമല്ലെന്നും രണ്ട് വർഷത്തെ പ്രക്രിയയാണെന്നും സിബിഎസ്ഇ അറിയിച്ചു. ഒരു വിദ്യാർഥി റെഗുലർ ക്ലാസുകൾ ഒഴിവാക്കിയാൽ, സ്കൂളുകൾക്ക് ഈ മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയില്ല. ഇത്തരം വിദ്യാർഥികള്‍ റെഗുലർ വിദ്യാർഥി ആണെങ്കില്‍ കൂടി എസന്‍ഷ്യല്‍ റിപ്പീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
9-10, 11-12 ക്ലാസുകളിലെ വിഷയങ്ങൾ കൂടി ഉള്‍പ്പെടുത്തി 10, 12 ക്ലാസുകൾ രണ്ട് വർഷത്തെ പ്രോഗ്രാമുകളായി ക്രമീകരിച്ചിട്ടുണ്ടെന്നും സിബിഎസ്‌ഇ സ്ഥിരീകരിച്ചു. അധിക വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും സർക്കുലറില്‍ ബോർഡ് വ്യക്തമാക്കി.10ാം ക്ലാസ് വിദ്യാർഥികള്‍ക്ക് അഞ്ച് നിർബന്ധിത വിഷയത്തിന് പുറമേ രണ്ട് അധിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. 12ാം ക്ലാസ് വിദ്യാർഥികള്‍ക്ക് ഒരു വിഷയവും. രണ്ട് അക്കാദിമിക വർഷങ്ങളിലായി വിദ്യാർഥികള്‍ ഈ വിഷയങ്ങള്‍ പഠിക്കണം.
ഏതെങ്കിലും വിഷയം പഠിപ്പിക്കുന്നതിന് സ്കൂളുകൾക്ക് മുൻകൂർ സിബിഎസ്ഇ അംഗീകാരവും മതിയായ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. അനുമതിയോ സൗകര്യങ്ങളോ ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് അത്തരം വിഷയങ്ങൾ തെരഞ്ഞെടുക്കാൻ കഴിയില്ല. 'കംപാർട്ട്മെന്റ്' അല്ലെങ്കിൽ 'എസൻഷ്യൽ റിപ്പീറ്റ്' വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികള്‍ക്ക് പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പ്രൈവറ്റായി പരീക്ഷയെഴുതാം. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം ഇത് സാധിക്കില്ല. ദേശീയ വിദ്യാഭ്യാസ നയം - 2020 അടിസ്ഥാനമാക്കിയാണ് സിബിഎസ്‌ഇ മാറ്റങ്ങള്‍ നിർദേശിച്ചിരിക്കുന്നത്.