NATIONAL

ദുർഗാപൂർ കൂട്ടബലാത്സംഗ കേസിൽ പുതിയ ട്വിസ്റ്റ്; ഒളിവിലായിരുന്ന സുഹൃത്ത് അറസ്റ്റിൽ

ഒക്ടോബർ പത്തിനാണ് ശിവപൂരിലെ ക്യാമ്പസിന് വെളിയിൽ വച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ദുർഗാപൂർ കൂട്ടബലാത്സംഗ കേസിലെ അതിജീവിതയായ മെഡിക്കൽ വിദ്യാർഥിനിയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇതോടെ ബംഗാളിനെ പിടിച്ചുകുലുക്കിയ പുതിയ വിവാദ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു. ഒക്ടോബർ പത്തിനാണ് ശിവപൂരിലെ ക്യാമ്പസിന് വെളിയിൽ വച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

പെൺകുട്ടിയെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വെളിപ്പെടുത്തിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ എന്ന് സംശയിക്കപ്പെടുന്ന മറ്റു അഞ്ച് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടിയിൽ നിന്ന് തട്ടിയെടുത്ത മൊബൈൽ ഫോണും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പ്രതികളിൽ ഒരാൾ മാത്രമാണ് മെഡിക്കൽ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചിട്ടുള്ളത് എന്നാണ് ശാസ്ത്രീയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ വഴിതെറ്റിച്ച ആൺസുഹൃത്തിൻ്റെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അസൻസോൾ-ദുർഗാപൂർ പൊലീസ് കമ്മീഷണർ സുനിൽകുമാർ എൻഡിടിവിയോട് പറഞ്ഞു.

ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ഒക്ടോബർ 10ന് ബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയെ കോളേജിന്റെ ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സംസാരിച്ച മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നും, രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്ത് കടന്നുവെന്നും, ആ സമയം ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചത് എന്നുമായിരുന്നു മമത ബാനര്‍ജി ചോദിച്ചത്. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

SCROLL FOR NEXT