അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് Source: X
NATIONAL

'സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം അവസാനിച്ചു... കണ്‍മുന്നിലാണ് മൂന്ന് പേര്‍ മരിച്ചത്'; നടുക്കുന്ന ഓര്‍മകളെ കുറിച്ച് വിശ്വാസ് കുമാര്‍

പുറത്തേക്ക് ചാടിയിറങ്ങിയപ്പോഴേക്കും വിമാനം അഗ്നിഗോളമായി മാറിയിരുന്നു. അപ്പോഴാണ് ഇടതുകൈക്ക് പൊള്ളലേറ്റത്

Author : ന്യൂസ് ഡെസ്ക്

'എങ്ങനെയാണ് അതില്‍ നിന്നും ജീവനോടെ പുറത്തു വന്നതെന്ന് എനിക്കു പോലും മനസിലായിട്ടില്ല' അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന്റെ വാക്കുകളാണിത്. വിമാനത്തിലുണ്ടായിരുന്നവരും ഭൂമിയില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ അത്ഭുതവും ആശ്വാസവുമായത് വിശ്വാസ് കുമാര്‍ രമേശ് മാത്രമാണ്.

230 യാത്രക്കാരും 10 ജീവനക്കാരും രണ്ട് പൈലറ്റുമാരുമടക്കം 242 പേരായിരുന്നു ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ആകെ രക്ഷപ്പെട്ടത് വിശ്വാസ് മാത്രം, അതും കാര്യമായ പരിക്കുകളില്ലാതെ. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു യാത്രക്കാര്‍.

വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വാസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അപകടത്തെ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ വിശ്വാസ് പറഞ്ഞത് ഇങ്ങനെയാണ്,

'എങ്ങനെയാണ് അതിനുള്ളില്‍ നിന്ന് ജീവനോടെ പുറത്തു വന്നതെന്ന് എനിക്കും അറിയില്ല. ഒരു നിമിഷത്തേക്ക് ഞാന്‍ മരിക്കുകയാണെന്നാണ് കരുതിയത്. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോള്‍ മാത്രമാണ് ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനായത്. എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല.'

ഡിഡി ന്യൂസിനോടാണ് വിശ്വാസ് പ്രതികരിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് ഇന്ത്യയിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. നിലവില്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നാല്‍പ്പതുകാരനായ വിശ്വാസ്. വിമാനത്തില്‍ 11 എ സീറ്റായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള ആകാശ കാഴ്ച കാണാനാകാത്ത സീറ്റ് പലപ്പോഴും യാത്രക്കാര്‍ തിരഞ്ഞെടുക്കാറില്ല. വിശ്വാസിന്റെ ജീവന്‍ രക്ഷിച്ചതാകട്ടെ ആ സീറ്റ് തിരഞ്ഞെടുക്കാനുള്ള തീരുമാനവും.

വിമാനം പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അപകടമുണ്ടായെന്ന് വിശ്വാസ് പറയുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് 5-10 സെക്കന്റില്‍ തന്നെ വായുവില്‍ തങ്ങി നില്‍ക്കുന്നതു പോലെ തോന്നിയിരുന്നു. പെട്ടെന്ന് ലൈറ്റുകള്‍ മിന്നിയണഞ്ഞു തുടങ്ങി. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.

വിശ്വാസ് ഇരുന്ന ഭാഗം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചിരുന്നില്ല. ഇതാണ് രക്ഷപ്പെടാന്‍ സഹായിച്ചതും. പെട്ടെന്ന് എക്‌സിറ്റ് ഡോര്‍ കണ്ണില്‍പെട്ടപ്പോള്‍ പുറത്തേക്ക് ചാടുകയായിരുന്നു. തന്റെ മറുവശത്ത് ഇരുവന്നവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ഈ വഴി രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ലായിരിക്കും... നടക്കുന്ന ഓര്‍മകളെ കുറിച്ച് വിശ്വാസ് പറഞ്ഞു.

പുറത്തേക്ക് ചാടിയിറങ്ങിയപ്പോഴേക്കും വിമാനം അഗ്നിഗോളമായി മാറിയിരുന്നു. അപ്പോഴാണ് ഇടതുകൈക്ക് പൊള്ളലേറ്റത്. സ്വന്തം കണ്ണിനു മുന്നില്‍ മറ്റുള്ളവര്‍ മരിക്കുന്നത് കാണേണ്ടി വന്നു. ഒരു എയര്‍ഹോസ്റ്റസും രണ്ട് യാത്രക്കാരും തന്റെ മുന്നില്‍ വെച്ചാണ് വെന്ത് മരിച്ചത്. ഒന്നും ചെയ്യാനാകാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റ് വരാനേ തനിക്കായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT