അഹമ്മദാബാദിലെ മേഘാനി നഗറിലെ തിരക്കേറിയ നഗരത്തിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നു വീണത് വെറുമൊരു സാങ്കേതിക തകരാറിന്റെ മാത്രം കഥയല്ല. മറിച്ച് മികച്ച സാങ്കേതിക വിദ്യയും പരിശീലനവും സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ചിലപ്പോള്‍ അതിജീവനത്തിന് എതിരാണ് സാധ്യതകള്‍ എന്നതിന്റെ ഭയാനകമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.
എന്‍ജിനുകള്‍ തകര്‍ന്നതാണ് അഹമ്മദാബാദിലെ വിമാനപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ചരിത്രത്തില്‍ ഇത്തരത്തില്‍ എഞ്ചിന്‍ തകരാറുകള്‍ കാരണമുണ്ടായ ദുരന്ത ഫലങ്ങളെ മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ചില വിമാനങ്ങള്‍ അതിനെ അതിജീവിച്ചു. ചിലത് വന്‍ ദുരന്തമായി മാറി. അത്തരത്തില്‍ ഒരു വന്‍ ദുരന്തത്തെ അതിജീവിച്ച് യുഎസിലെ ഹഡ്‌സണ്‍ നദിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കിയ സംഭവത്തെ ആസ്പദമാക്കിയ ഒരു ഹോളിവുഡ് സിനിമയാണ് 'സള്ളി : മിറാക്കിള്‍ ഓണ്‍ ദി ഹഡ്‌സണ്‍'.
2009ലാണ് സംഭവം. ജനുവരി 15ന് യുഎസിലെ എയര്‍ വേസിന്റെ വിമാനം 1549 ന്യൂയോര്‍ക്കിലെ ലാ ഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായി വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും ഒരു കൂട്ടം പക്ഷികള്‍ വന്നിടിക്കുന്നു. വിമാനത്തിന്റെ രണ്ട് എന്‍ജിനും നിമിഷ നേരം കൊണ്ട് തകരാറിലാവുകയും തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് എത്താനുള്ള സമയമില്ലെന്ന് ക്യാപ്റ്റന്‍ സള്ളി സള്ളെന്‍ ബെര്‍ഗറിനും ഫസ്റ്റ് ഓഫീസര്‍ ജെഫ് സ്‌കൈല്‍സിനും മനസിലാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തൊട്ടടുത്ത ഹഡ്‌സണ്‍ നദിയിലേക്ക് ഇരുവരും വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഈ തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 155 പേരും ചെറിയ പരിക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
അത്ഭുതകരമായി ഒരു വലിയ ദുരന്തത്തെ അതിജീവിച്ച ഈ സംഭവത്തെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സിനിമയാണ് 'സള്ളി : മിറാക്കിള്‍ ഓണ്‍ ദി ഹഡ്‌സണ്‍'. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. നടന്‍ ടോം ഹാങ്കസായിരുന്നു ക്യാപ്റ്റന്‍ സള്ളി സള്ളെന്‍ ബെര്‍ഗറായി ചിത്രത്തില്‍ എത്തിയത്. സള്ളി സള്ളെനും യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ജെഫ്‌റി സാസ്ല എന്നിവര്‍ ചേര്‍ന്ന് എഴുതിയ 'ഹയ്യസ്റ്റ് ഡ്യൂട്ടി' എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.
യാത്രക്കാരടക്കമുള്ളവരെ രക്ഷപ്പെടുത്തിയ ക്യാപ്റ്റന്‍ സള്ളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ താരമായി മാറി. എന്നാല്‍ അപകടസമയത്ത് വിമാനത്തിന്റെ ഇടത് എന്‍ജിന്‍ പ്രവര്‍ത്തനമക്ഷമമായിരുന്നുവെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവരുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത വിമാനത്താവളങ്ങളായ ട്വിറ്റര്‍ബൊറോയിലേക്കോ ലാ ഗ്വാര്‍ഡിയയിലേക്കോ പറന്നിറങ്ങാന്‍ വിമാനത്തിന് ആകുമായിരുന്നു എന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിസിബി) കണ്ടെത്തി. അപകടകാരണം പൈലറ്റിന്റെ പിഴവാണെന്ന് വാദിച്ചെങ്കിലും രണ്ട് പൈലറ്റുകളും ഇതിനെതിരെ രംഗത്തുവന്നു. ഒടുവില്‍ ക്യാപ്റ്റന്റെ തീരുമാനമാണ് 155 ജീവനുകള്‍ രക്ഷിക്കാന്‍ കാരണയതെന്ന് എന്‍ടിസിബി വ്യക്തമാക്കി.
അഹമ്മദാബാദ് ദുരന്തത്തിലും എന്‍ജിന്‍ തകരാറാകാന്‍ കാരണം പക്ഷി ഇടിച്ചതോ, പെട്ടന്നുള്ള ഇന്ധന മലിനീകരണമോ ആണെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യഥാര്‍ത്ഥ കാരണത്തിന്റെ സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേ സമയം തകരാറിലാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം സാഹചര്യങ്ങള്‍ക്കായി പൈലറ്റുമാര്‍ വ്യാപകമായ പരിശീലനം തേടാറുണ്ട്. എന്നാല്‍ അത് കൈകാര്യം ചെയ്യുക എന്നത് പരിശീലനത്തിലുള്ള പോലെ എളുപ്പമല്ല. പ്രത്യേകിച്ച് ജനസാന്ദ്രതയേറെയുള്ള ഭൂപ്രദേശങ്ങളില്‍.
അത്തരം സാഹചര്യങ്ങളെ സങ്കീര്‍ണമാക്കുന്നത് എന്‍ജിന്‍ തകരാറ് മാത്രമല്ല. മറിച്ച് ഉയരം, നഗരത്തിന് അടുത്താണോ എന്നതും, കാലവസ്ഥ, വേഗത എന്നിവ കൂടിയാണ്. ക്യാപ്റ്റന്‍ സള്ളിയുടെ കാര്യത്തില്‍ ഹഡ്‌സണ്‍ നദി അവുരുടെ പരിധിയിലായിരുന്നു എന്നതാണ്. എന്നാല്‍ അഹമ്മദാബാദില്‍ അത്തരത്തില്‍ തുറസായ ഒരു സ്ഥലം ഇല്ലായിരുന്നു. നദിയില്ല, കടലില്ല, തുറസായ സ്ഥലമില്ല, ഒരു അത്ഭുതത്തിനും അവിടെ സാഹചര്യമില്ല.
അതുകൊണ്ട് തന്നെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം മതിലില്‍ ഇടിക്കുകയും മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റല്‍ മെസിലേക്ക് വിമനാത്തിന്റെ വലിയൊരു ഭാഗം വന്നു വീഴുകയും ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന 241 യാത്രക്കാരും ഹോസ്റ്റലില്‍ ഉച്ഛഭക്ഷണം കഴിക്കാന്‍ എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെട്ടു.
അഹമ്മദാബാദ് വിമാനപകടം വെറും യന്ത്രത്തിന്റെയോ മനുഷ്യന്റെയോ മാത്രം പരാജയമായിരുന്നില്ല. അത് യഥാര്‍ത്ഥത്തില്‍ പിരാജയത്തിന്റെയും വിധിയുടെയും സംയോജനമാണെന്ന് തന്നെ പറയാം. ക്യാപ്റ്റന്‍ സള്ളിയുടെ യുഎസ് എയര്‍വേസ് വിമാനം - 1549 പോലെ ഡ്രീംലൈനറിന് അതിജീവിക്കാനുള്ള ഒരു അവസരവും ഉണ്ടായിരുന്നില്ല. ഒരു അത്ഭുതവും അവിടെ സംഭവിച്ചില്ല. സംഭവിച്ചത് രാജ്യത്തിന് വേദനയായ വന്‍ ദുരന്തം മാത്രം.