ന്യൂഡല്‍ഹി : തൊഴിലവസരങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാത്തതില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് കോര്‍പറേറ്റുകള്‍ക്കെതിരെ പ്രധാനമന്തി സംസാരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ് ഐ സി സി)യുടെ വാര്‍ഷിക സംഗമത്തില്‍ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.
കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കുകയും 12 ലക്ഷത്തോളം രൂപക്ക് ആദായ നികുതി ഇളവ് നല്‍കുകയും ചെയ്തിട്ടും തൊഴിലവസരം ഒരുക്കുന്നതിലും അവരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിലും കോര്‍പറേറ്റുകള്‍ പരാജയപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തുറന്നടിച്ചിരിക്കുന്നത്. അതോടൊപ്പം, ഉത്പന്നങ്ങളുടെ ക്വാളിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇന്ത്യന്‍ മാര്‍ക്കറ്റ് സ്വയം പര്യാപ്തമാക്കുന്നതിലും വ്യവസായികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം തുറന്നടിച്ചു.
നിങ്ങള്‍ എന്നെ കേട്ടില്ലെങ്കിലും സ്വദേശിവത്കരണത്തെ കുറിച്ചും രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിനെ കുറിച്ചും നേരത്തെത്തന്നെ പറഞ്ഞ ഗാന്ധിയെ എങ്കിലും കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ പ്രതികരണത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഹാസത്തോടെയാണ് നേരിട്ടത്. പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും കോണ്‍ഗ്രസ് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മോദി ഇപ്പോള്‍ പറയുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചത്.