NATIONAL

യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞ; ആരാണ് പെറ്റല്‍ ഗെഹ്‌ലോട്ട് ?

പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കപ്പുറത്ത് സംഗീതം ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് ഗഹ്‌ലോട്ട്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത് ഇന്ത്യന്‍ പ്രതിനിധിയായ പെറ്റല്‍ ഗെഹ്‌ലോട്ട് ആണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി വീണ്ടും ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെന്നും പെറ്റല്‍ യുഎന്നില്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, സിന്ധൂനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ പ്രസംഗം. ഉടമ്പടി വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇന്ത്യ ഏകപക്ഷീയ തീരുമാനമെടുത്തത്. അത് രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ്. അതിനെ യുദ്ധപ്രവൃത്തിയായി കണക്കാക്കാമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ഇതിന് മറുപടിയായാണ് ഇന്ത്യ യുഎന്നില്‍ മറുപടി പറഞ്ഞത്. ഇപ്പോള്‍ ഷെഹ്ബാസ് ഷെരീഫിന് മറുപടി നല്‍കിയ നയതന്ത്ര പ്രതിനിധിയാരാണ് എന്നാണ് ആളുകള്‍ തിരയുന്നത്.

ആരാണ് പെറ്റല്‍ ഗെഹ്‌ലോട്ട് ?

യുഎന്നിലെ ഇന്ത്യയുടെ ഉപദേശകരിലൊരാളാണ് പെറ്റല്‍ ഗെഹ്‌ലോട്ട്. 2023 ജൂലൈയില്‍ യുഎൻ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായാണ് ചുമതലയേറ്റത്. യുഎന്നിലേക്ക് മാറുന്നതിന് മുമ്പ് 2020-23 കാലഘട്ടത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂറോപ്യന്‍ വെസ്റ്റ് ഡിവിഷനിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെ പാരിസിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഇന്ത്യന്‍ മിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കപ്പുറത്ത് സംഗീതം ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് ഗഹ്‌ലോട്ട്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും തന്റെ ഗ്വിറ്റാര്‍ കൊണ്ടുള്ള പ്രകടനങ്ങളും മറ്റും പെറ്റല്‍ പങ്കുവെക്കാറുമുണ്ട്. ഇറ്റാലിയന്‍ ഗാനം ബെല്ലാ ചാഓ, എല്‍പിയുടെ ''ലോസ്റ്റ് ഓണ്‍ യൂ' തുടങ്ങിയ ഗാനങ്ങളും പാടിയ പോസ്റ്റുകളും നല്‍കിയിരിക്കുന്നു.

മുംബൈയിലെ സെന്റ്. സേവ്യേഴ്‌സ് കോളേിജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫ്രഞ്ച് ലിറ്ററേച്ചര്‍ എന്നിവയിലാണ് പെറ്റല്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഡല്‍ഹിയൂണിവേഴ്‌സിറ്റിക്ക് കീഴിലെ ലേഡി ശ്രീ റാം കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് എംഎയും കഴിഞ്ഞു.

യുഎന്‍ പൊതുസഭയില്‍ പെറ്റല്‍ ഗഹ്‌ലോട്ടിന്റെ മറുപടി

ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടു. മുതിര്‍ന്ന പാക് സൈനികരും, ഉദ്യോഗസ്ഥരുമൊക്കെ പരസ്യമായി അവരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുമ്പോള്‍, പാക് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് എന്ത് സംശയമാണ് ഉണ്ടാകേണ്ടത്?

ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തെക്കുറിച്ചും പാക് പ്രധാനമന്ത്രി വിചിത്രമായ വിവരങ്ങളാണ് പങ്കുവച്ചത്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാണ്. മെയ് ഒമ്പത് വരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍, മെയ് പത്ത് ആയപ്പോള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിച്ചു ഭീകരവാദത്തെ വിന്യസിക്കുന്നതിലും, കയറ്റുമതി ചെയ്യുന്നതിലും ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യത്തിന് അതിനുവേണ്ടി ഏറ്റവും പരിഹാസ്യമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ തെല്ലും ലജ്ജയില്ല.

ഒരു പതിറ്റാണ്ടോളം അവര്‍ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയിരുന്നു എന്നത് ഓര്‍ക്കണം. ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പങ്കാളികളാണെന്ന് നടിക്കുമ്പോഴും, പതിറ്റാണ്ടുകളായി തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് അവരുടെ മന്ത്രിമാര്‍ തന്നെ അടുത്തിടെ സമ്മതിച്ചു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും അത്തരമൊരു ഇരട്ടത്താപ്പ് തുടരുന്നതില്‍ അതിശയിക്കേണ്ടതില്ല. പാകിസ്ഥാന്‍ എത്രയും വേഗം എല്ലാ ഭീകര ക്യാംപുകളും അടച്ചുപൂട്ടണം, ഇന്ത്യക്ക് ആവശ്യമുള്ള ഭീകരരെ കൈമാറണം,' ഗഹ്‌ലോട്ട് വിമര്‍ശിച്ചു

SCROLL FOR NEXT