NATIONAL

ടിഎംസിയുടെ തലവേദന... മമതയുടെ പുതിയ എതിരാളി! ആരാണ് ഋതബ്രത ബാനർജി?

മമത ആരംഭിച്ച തൃണമൂലിൽ‌ മമതയ്ക്ക് ഇടം ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്

Author : ലിൻ്റു ഗീത

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പശ്ചിമ ബം​ഗാളിൽ മമത ബാനർജിയും അവരുടെ തൃണമൂൽ കോൺഗ്രസും കടന്നു പോകുന്നത്. മുപ്പത് വർഷത്തിലധികം ഭരണത്തിലിരുന്ന ഇടതിനെ തകർത്താണ് ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. അന്ന് അതായത് 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഐഎം അഭിമുഖീകരിച്ച രാഷ്ട്രീയ പ്രതിസന്ധികളെ ഓർമിപ്പിക്കുന്ന ഘട്ടങ്ങളിലൂടെയാണ് ഇന്ന് ബം​ഗാളിൽ മമതയും തൃണമൂൽ കോൺ​ഗ്രസും കടന്ന് പോകുന്നത്. അന്ന് സിപിഐഎമ്മിന് ഭീഷണിയായത് എതിരാളിയായ തൃണമൂൽ മാത്രമായിരുന്നു. എന്നാൽ ഇന്ന് മമതയ്ക്ക് നേരിടേണ്ടിവരുന്നത് മുഖ്യ എതിരാളിയായ ബിജെപിയെ മാത്രമല്ല. അതിലുപരിയായി അവരെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുളള വെല്ലുവിളികൾ തന്നെയാണ്.

1998ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച മമതയ്ക്ക് കഴിഞ്ഞ 15 വർഷത്തെ തുടർഭരണം നഷ്ടപ്പെട്ടതിനേക്കാൾ വലിയ തിരിച്ചടിയാണ് ഇപ്പോഴുള്ളത്. മമത ആരംഭിച്ച തൃണമൂലിൽ‌ മമതയ്ക്ക് ഇടം ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 2011 മുതലുള്ള മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു, മത്സരിച്ച സീറ്റിൽ ദയനീയമായി പരാജയപ്പെട്ടു, പാർട്ടി എംപിമാർ തെരുവിൽ കയ്യേറ്റം ചെയ്യപ്പെട്ടു, ഏറ്റവും ഒടുവിൽ ആകെ ജയിച്ച 80 പേരിൽ 60 പേരും എതിരാവുകയും ചെയ്തു. മമതയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യചിഹ്നമാകുന്ന നിലയിലുള്ള വിമതനീക്കമാണ് ‍ടിഎംസിയിൽ ഉണ്ടായിരിക്കുന്നത്. അതിന് ചുക്കാൻ പിടിക്കുന്നത് ആകട്ടെ മമതയും ‍ടിഎംസിയും തകർത്ത സിപിഐഎമ്മിൽ നിന്നും പാർട്ടിയിലേക്കെത്തിയ ഋതബ്രത ബാനർജിയും.

തൃണമൂൽ കോൺ​ഗ്രസ് പ്രതിപക്ഷ നേതാവായി നിശ്ചയിച്ച ശോഭൻദേബ് ചട്ടോപാധ്യായിയെ തള്ളി ഋതബ്രത ബാന‍ർജി കളം പിടിച്ചതോടെയാണ് തൃണമൂലും മമതയും പെട്ടുപോയത്. കൂറുമാറ്റ നിരോധനം മറികടക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഋതബ്രത ബാനർജി എത്തിയത്. തൃണമൂലിൽ നിന്നുള്ള വിമത ശബ്​ദം എന്നതിനപ്പുറത്തേക്ക് ഞങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്നവകാശപ്പടാനുള്ള നിലയിലേക്ക് വളർന്ന ഋതബ്രത ശരിക്കും ആരാണ്.

ആരാണ് ഋതബ്രത ബാനർജി?

1990കളിൽ എസ്എഫ്ഐയിലൂടെയായിരുന്നു ഋതബ്രത രാഷ്ട്രീയ പ്രവേശനം. 2008ൽ എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി, 2011ൽ മമതാ ബാനർജി മുഖ്യമന്ത്രി ആയപ്പോൾ ഒഴിവു വന്ന ലോക്സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥി, 2014ൽ സിപിഐഎമ്മിന്റെ രാജ്യസഭാംഗം.. അങ്ങനെ പ്രാവീണ്യവും സംഘാടന ശേഷിയും കൊണ്ട് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ ഭാവിമുഖം എന്ന ചിത്രമായിരുന്നു ഋതബ്രതയ്ക്കുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആഢംബര ജീവിതം പാർട്ടി അണികൾ ചോദ്യം ചെയ്തതോടെയാണ് ഋതബ്രത പാർട്ടിയുമായി അകന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചു ഋതബ്രത ബാനർജി പുറത്താക്കപ്പെടുന്നത് ഇതാദ്യമായല്ല. സിപിഐഎമ്മിന്റെ അന്വേഷണ കമ്മീഷനെതിരെയും ദേശീയ നേതാക്കൾക്കെതിരെയും പരസ്യമായി രംഗത്തെത്തിയതോടെയാണ് 2017ൽ സിപിഐഎം പോളിറ്റ് ബ്യൂറോ ഋതബ്രത ബാനർജിയെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

പിന്നാലെ 2018ൽ തൃണമൂലിൽ എത്തിയ അദ്ദേഹം തുടക്കത്തിൽ തൃണമൂലിൻ്റെ ആദിവാസി സംഘടനയുടെ നേതാവായി ആയിരുന്നു പരി​ഗണിക്കപ്പെട്ടത്. ടിഎംസിയുടെ ആദിവാസി ക്ഷേമ സമിതിയുടെ കൺവീനറായി ആയിരുന്നു ഋതബ്രതയെ ആദ്യം നിയോ​ഗിച്ചത്. പിന്നാലെ ട്രേഡ് യൂണിയൻ രം​ഗത്തേയ്ക്കും ടിഎംസി ഋതബ്രത ബാനർജിയെ പരി​ഗണിച്ചു. തൃണമൂലിൻ്റെ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ഋതബ്രത നിയോ​ഗിക്കപ്പെട്ടു. തുടർന്ന് 2024 മുതൽ 2026 വരെ തൃണമൂൽ കോൺഗ്രസിൻ്റെ രാജ്യസഭ അംഗം കൂടിയായിരുന്നു അദ്ദേ​ഹം. ബിജെപി തരം​ഗം ആഞ്ഞടിച്ച ഈ തെര‍ഞ്ഞെടുപ്പിലും ടിഎംസി ടിക്കറ്റിൽ ഋതബ്രത വിജയിച്ചു. ബംഗാളിലെ ഉലുബേരിയ പുർബ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയെ 11,838 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഋതബ്രത തൃണമൂൽ എംഎൽഎയായത്.

കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അഭിഷേക് ബാനർജി വിരുദ്ധ വിഭാ​ഗത്തിനെ നയിച്ചാണ് ഋതബ്രത വിമതനീക്കത്തിന് നേതൃത്വം നൽകിയത്. അഭിഷേക് ബാനർജിയെ നേതാവായി അം​ഗീകരിക്കില്ലെന്നായിരുന്നു വിമതരുടെ നിലപാട്. എന്നാൽ തൃണമൂലിലെ കലഹങ്ങൾക്ക് കാരണം ഇത് മാത്രമല്ല. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോഹൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ശുപാർശ ചെയ്തുള്ള കത്ത് സ്പീക്കർക്ക് നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കത്തിൽ എംഎൽഎമാർ രേഖപ്പെടുത്തിയെന്ന് പറയുന്ന ഒപ്പുകൾ വ്യാജമാണെന്നന്ന ആരോപണം ഉയർന്നതോടെ സ്പീക്കർ ശുപാർശ സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനിടെ, വിഷയത്തിൽ ഋതബ്രതയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയും സ്പീക്കർക്ക് കത്ത് നൽകി. ഇതോടെയാണ് പാർട്ടി അച്ചടക്കലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പിന്നാലെയാണ് ഋതബ്രത ബാനർജിയെ പിന്തുണച്ച് മറ്റ് എംഎൽഎമാർ കത്ത് സ്പീക്കർക്ക് സമർപ്പിക്കുന്നതും ഋതബ്രതയെ പ്രതിപക്ഷ നേതാവായി അം​ഗീകരിക്കുന്നതും. വ്യാജ ഒപ്പ് കേസ് നിലവിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അന്വേഷിച്ചു വരികയാണ്.

കൂറുമാറ്റ നിയമം പോലും നിലനിൽക്കാത്ത തരത്തിലാണ് ടിഎംസിയിലെ വിമത നീക്കം. യഥാർഥ ടിഎംസി ഞങ്ങളാണെന്നും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നും കാട്ടി ഔദ്യോഗിക പാർട്ടി ചിഹ്നവും പേരും നേടിയെടുക്കുകയും ചെയ്യാം. ഋതബ്രതയുടെയും സംഘത്തിൻ്റെയും അടുത്ത നീക്കം എന്താകുമെന്ന് തന്നെയാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ബംഗാളിൽ ഇപ്പോൾ സംഭവിക്കുന്നത് മമതയുടെ രാഷ്ട്രീയ പതനമാണോ അതോ തൃണമൂലിൻ്റെ അന്ത്യമാണോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

SCROLL FOR NEXT