സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശശിധർ ജഗദീഷനെതിരെ എഫ്ഐആർ. ലീലാവതി കീർത്തിലാൽ മേത്ത മെഡിക്കൽ (എൽകെകെഎം) ട്രസ്റ്റ് അംഗത്തിന്റെ പിതാവില്‍ നിന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് മേധാവി പണം സ്വീകരിച്ചുവെന്നാണ് ആരോപണം. ശശിധർ ജഗദീഷനെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ലീലാവതി ആശുപത്രി ആവശ്യപ്പെട്ടു. പണം വാങ്ങിയതിന് തെളിവായി ഡയറിക്കുറിപ്പുകളും ട്രസ്റ്റ് ഹാജരാക്കിയിട്ടുണ്ട്.
ട്രസ്റ്റിലെ നിലവിലെ അംഗത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നതിനായി മുൻ അംഗങ്ങളിൽ ഒരാളുടെ പക്കല്‍ നിന്നും ശശിധർ ജഗദീഷന് 2.05 കോടി രൂപ വാങ്ങിയതായാണ് ലീലാവതി ട്രസ്റ്റിന്റെ ആരോപണം. ജഗദീഷനും മറ്റ് ഏഴ് പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ബാന്ദ്ര പൊലീസിനോട് നിർദേശിച്ചുകൊണ്ട് മെയ് 30ന് മുംബൈ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നടപടികൾ സ്വീകരിച്ചതെന്നും ട്രസ്റ്റ് അറിയിച്ചു.
അതേസമയം, സിഇഒയെ അനുകൂലിക്കുന്ന സമീപനമാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നാണ് ബാങ്കിന്റെ വാദം. ലീലാവതി ട്രസ്റ്റിലെ അംഗമായ പ്രശാന്ത് മേത്തയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബാങ്കിന് ഗണ്യമായ തുക നൽകാനുണ്ടെന്നും അവ ഇപ്പോഴും അടച്ചിട്ടില്ലെന്നും ബാങ്ക് മറുവാദങ്ങള്‍ക്കൊപ്പം കൂട്ടിച്ചേർത്തു.
ആരാണ് ശശിധർ ജഗദീഷന്‍?
2020ലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒയും എംഡിയുമായി ശശിധർ ജഗദീഷന്‍ ചുമതലയേറ്റത്. ഏറ്റവും കൂടുതൽ കാലം എച്ച്‌ഡിഎഫ്‌സിയുടെ സിഇഒ ആയിരുന്ന ആദിത്യ പുരിയുടെ പിൻഗാമിയായിട്ടായിരുന്നു ശശിധറിന്റെ വരവ്. മുംബൈ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഷെഫീൽഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ശശിധർ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്.
1996 മുതൽ സ്വകാര്യ ബാങ്കിന്റെ ഭാഗമാണ് ശശിധർ ജഗദീഷൻ. സാമ്പത്തിക വിഭാഗത്തില്‍ മാനേജറായിട്ടാണ് തുടക്കം. 1999ൽ ഫിനാൻസ് ഹെഡായി. തുടർന്ന് 2008ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. ബാങ്ക് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ്, 2019ൽ ബാങ്കിന്റെ "സ്ട്രാറ്റജിക് ചേഞ്ച് ഏജന്റ്" ആയി നാമനിർദേശം ചെയ്യപ്പെട്ടു. 2023 ൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശശിധറിന്റെ പുനർനിയമനം മൂന്ന് വർഷത്തേക്ക് അംഗീകരിച്ച്, 2026 ഒക്ടോബർ 26 വരെ കാലാവധി നീട്ടി നല്‍കി.