NATIONAL

അജിത് പവാര്‍ ഉള്‍പ്പെട്ട വിമാനാപകടം; കൊല്ലപ്പെട്ടവരില്‍ വനിതാ പൈലറ്റും

വിഎസ്ആര്‍ ലിയര്‍ ജെറ്റ് 45 ആണ് അപകടത്തില്‍പെട്ടത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെട്ട വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ വനിതാ പൈലറ്റും. ക്യാപ്റ്റന്‍ സാംഭവി പതക് ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍പെട്ട വിമാനം പറത്തിയത് ക്യാപ്റ്റന്‍ സാംഭവിയായിരുന്നു.

വിഎസ്ആര്‍ ലിയര്‍ ജെറ്റ് 45 ആണ് അപകടത്തില്‍പെട്ടത്. വിഎസ്ആറിലെ ഫസ്റ്റ് ഓഫീസറായിരുന്നു സാംഭവി. എയര്‍ഫോഴ്‌സ് ബാല്‍ ഭാരതി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. അവിടെ 2016 നും 2018 നും ഇടയില്‍ അവര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അക്കാദമിയില്‍ കൊമേഴ്ഷ്യല്‍ പൈലറ്റും ഫ്‌ളൈറ്റ് ക്രൂ പരിശീലനവും നേടിയതായി സാംഭവിയുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നു. മുംബൈ സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷന്‍, എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയില്‍ സയന്‍സ് ബിരുദം നേടി.

മധ്യപ്രദേശ് ഫ്‌ളൈയിംഗ് ക്ലബ്ബില്‍ അസിസ്റ്റന്റ് ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിപിന്‍ ജാദവ്, അറ്റന്റന്റ്, പൈലറ്റുമാരായ സാംഭവി പതക്, സുമിത് കപൂര്‍ എന്നിവരായിരുന്നു സ്വകാര്യ വിമാനത്തിലുണ്ടായിരുന്നത്.

ബാരാമതിയില്‍ ലോക്കല്‍ ബോഡി ഇലക്ഷന് മുന്നോടിയായി നാല് യോഗങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്.

SCROLL FOR NEXT