

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അജിത് പവാര്‍ അടക്കം അഞ്ച് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയില്‍ 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിമാനം താഴേക്ക് ഇറങ്ങുന്നിതിനിടയില്‍ തകരുമെന്ന് തോന്നിയിരുന്നതായും ദൃക്‌സാക്ഷി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. താഴേക്ക് പതിച്ച ഉടനെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. നാലോ അഞ്ചോ തവണ വിമാനത്തില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
വിമാനം തകര്‍ന്നു വീഴുന്നതും തീപിടിക്കുന്നതും കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ആളുകള്‍ എത്തി വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെടുക്കാന്‍ ശ്രമിച്ചു. വലിയ തീഗോളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല.
അതേസമയം, അപകടത്തില്‍പെട്ട ലിയര്‍ജെറ്റ് 45 ന് പതിനാറ് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഡിജിസിഎ പറയുന്നത്. വിമാനത്തിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിച്ചു വരികയാണ്.
രാവിലെ 8.45 ഓടെയായിരുന്നു അപകടം. വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. അജിത് പവാറിനു പുറമെ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വിമാനത്തിലുണ്ടായിരുന്നു.