ഡൽഹി: പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച ഇൻ്റലിജൻസ് പരാജയം ചൂണ്ടിക്കാട്ടി പ്രിയങ്ക, പ്രധാനപ്പെട്ടൊരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രത്തെ പൂർണമായും സംരക്ഷിക്കാതെ വിട്ടത് എന്തുകൊണ്ടാണെന്നും, പാകിസ്ഥാനുമായി പൊടുന്നനെ വെടിനിർത്തൽ പ്രഖ്യാപിച്ചതിൻ്റെ കാരണമെന്താണെന്നും കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ എപ്പോഴും ചോദ്യങ്ങളിൽ നിന്ന് ഓടിരക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അവർക്ക് രാജ്യത്തെ പൗരന്മാരോട് ഉത്തരവാദിത്ത ബോധമില്ലെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. യാഥാർഥ്യം എന്തെന്നാൽ കേന്ദ്രം ഭരിക്കുന്നവരുടെ ഹൃദയത്തിൽ ജനങ്ങൾക്ക് സ്ഥാനമില്ലെന്നതാണ്. അവർക്ക് എല്ലാം രാഷ്ട്രീയവും പരസ്യവുമാണെന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിൽ വിമർശിച്ചു.
"പ്രതിരോധ മന്ത്രി ഒരു മണിക്കൂറോളം സംസാരിച്ചു, മറ്റു ഭരണകക്ഷി എംപിമാരും സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂർ മുതൽ ഭീകരവാദം, ദേശീയ സുരക്ഷ, ചരിത്രം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. 2025 ഏപ്രിൽ 22ന് 26 പേർ അവരുടെ കുടുംബങ്ങളുടെ മുന്നിൽ കൊല്ലപ്പെട്ടപ്പോൾ, ഈ ആക്രമണം എങ്ങനെ സംഭവിച്ചു? എന്തുകൊണ്ട് സംഭവിച്ചു? എന്ന പ്രധാന വിഷയം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒഴിവാക്കി," പ്രിയങ്ക പറഞ്ഞു.
കശ്മീരിൽ ഭീകരവാദം അവസാനിച്ചുവെന്ന് ബിജെപി സർക്കാർ അവകാശപ്പെടുകയും താഴ്‌വര സന്ദർശിക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. അത് വിശ്വസിച്ചാണ് ശുഭം ദ്വിവേദിയും കുടുംബവും കശ്മീരിലേക്ക് പോകാൻ തീരുമാനിച്ചത്. അതിന് ആറ് മാസം മുമ്പാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഏപ്രിൽ 22ന് ബൈസരൻ താഴ്‌വരയിൽ നല്ല കാലാവസ്ഥയായിരുന്നു. നിരവധി വിനോദ സഞ്ചാരികൾ അവിടെയെത്തി. കുട്ടികൾ ട്രാംപോളിനിൽ കളിക്കുകയായിരുന്നു, നിരവധി പേർ സിപ്പ് ലൈൻ ചെയ്യുകയായിരുന്നു, മറ്റുള്ളവർ ചായ കുടിക്കുകയും പ്രകൃതിഭംഗി ആസ്വദിക്കുകയുമായിരുന്നു. പെട്ടെന്ന് കാട്ടിൽ നിന്ന് നാല് തീവ്രവാദികൾ വന്ന് ശുഭമിനെ ഭാര്യയുടെ മുന്നിൽ വെച്ച് കൊന്നു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ അവർ 25 പേരെ തിരിച്ചറിയുകയും കൊല്ലുകയും ചെയ്തു," പ്രിയങ്ക പറഞ്ഞു.
"ശുഭത്തിന്റെ ഭാര്യ ഐഷന്യ അന്ന് പറഞ്ഞത്, 'ഞാൻ ലോകാവസാനം കണ്ടു. അവിടെയെങ്ങും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല. രാജ്യവും സർക്കാരും ഞങ്ങളെ അവിടെ ഉപേക്ഷിച്ചു' എന്നാണ്. എന്തുകൊണ്ടാണ് അവിടെ ഒരു സൈനികനെ പോലും വിന്യസിക്കാതിരുന്നത്? ദിവസവും 1000-1500 പേർ അവിടെ പോകുന്നുണ്ടെന്ന് സർക്കാരിന് അറിയില്ലായിരുന്നോ? സുരക്ഷയോ പ്രഥമ ശുശ്രൂഷയോ ഉണ്ടായിരുന്നില്ല. ഇക്കണ്ട ആളുകൾ മുഴുവൻ സർക്കാരിനെ വിശ്വസിച്ചാണ് അവിടെ പോയത്. എന്നാൽ കേന്ദ്ര സർക്കാരാകട്ടെ അവരെ ദൈവകൃപയ്ക്ക് വിട്ടുനൽകി," വയനാട് എംപി വിമർശിച്ചു.
"അമിത് ഷാ ഇന്ന് എൻ്റെ അമ്മയുടെ കണ്ണീരിനെക്കുറിച്ച് സംസാരിച്ചു. എനിക്ക് ഇതിന് ഉത്തരം നൽകണം. തീവ്രവാദികൾ എൻ്റെ അച്ഛനെ കൊന്നപ്പോൾ അമ്മയുടെ കണ്ണുനീർ വീണു. ഇന്ന് പഹൽഗാം ആക്രമണത്തിന്റെ ഇരകളായ ആ 26 പേരെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, അത് അവരുടെ വേദന എനിക്ക് മനസിലാകുന്നത് കൊണ്ടാണ്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്. എൻ്റെ അമ്മയുടെ കണ്ണീരിനെക്കുറിച്ച് പോലും അദ്ദേഹം സംസാരിച്ചു. പക്ഷേ പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിൻ്റെ കാരണമെന്താണ് എന്നതിന് അദ്ദേഹം ഒരിക്കലും മറുപടി നൽകിയില്ല," പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ആഞ്ഞടിച്ചു.
വീഡിയോ കാണാം...