ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഭാര്യയും സുഹൃത്തും ചേർന്ന് ഭർത്താവിനെ വിഷം കൊടുത്ത് കൊന്നെന്ന് കണ്ടെത്തി. സുനിലാണ് മരിച്ചത്. മകൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞ് അമ്മയാണ് കഴിഞ്ഞദിവസം തുണ്ട്ല പൊലീസിൽ പരാതി നൽകിയത്.
ജൂലൈ 24ന് മകൻ സുനിലിൻ്റെ മരണത്തിൽ അസ്വാഭികത ആരോപിച്ച് സുനിലിൻ്റെ അമ്മ തുണ്ട്ല പൊലീസിന് പരാതി നൽകുന്നു. തുടർന്ന് പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. എന്തോ വിഷാംശം ഉള്ളിൽചെന്ന് മരണം സംഭവിച്ചതാണെന്ന് ആദ്യഘട്ട പരിശോധനയിൽ പൊലീസ് തിരിച്ചറിഞ്ഞു.
എന്നാൽ അതൊരു ആസൂത്രിത കൊലപാതകമാണെന്ന സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. സുനിലിൻ്റെ അമ്മ ആവർത്തിച്ച് ആവശ്യപ്പട്ടതിനെ തുടർന്നാണ് പൊലീസ് കുറച്ചുകൂടി വിശദമായി കാര്യങ്ങൾ അന്വേഷിച്ചത്.
മെയ് -13നാണ് സുനിലിനെ ശരീരത്തിൽ വിഷ ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിലിനെ നേരത്തെയും വിഷം ഉള്ളിൽചെന്ന് ആശുപത്രിയിലെത്തിച്ചിരുന്നു എന്നത് തീർത്തും അസ്വാഭാവികത ഉണ്ടാക്കി.
പിന്നീടുള്ള അന്വേഷണത്തിൽ സുനിലിൻ്റെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചില സംശയങ്ങളുണ്ടെന്നറിയിച്ച് അന്വേഷണ സംഘം ആദ്യം ഭാര്യയെയും തുടർന്ന് സുഹൃത്തിനെയും സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
സുനിലിനെ എങ്ങനെ കൊല്ലാമെന്നും ആരും സംശയിക്കാതെ എങ്ങനെ കൊലപാതകം നടപ്പിലാക്കാമെന്നും ഭാര്യയും സുഹൃത്തും മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയതായും കണ്ടെത്തി. മെയ് മാസത്തിൽ സുനിൽ ആശുപത്രിയിലായത് ഭക്ഷണത്തിൽ വിഷം കലർത്തിയതിനെത്തുടർന്നാണെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞു.
പാഴ്‌സൽ സർവീസ് വഴിയാണ് വിഷം ഓർഡർ ചെയ്ത് വരുത്തിയതെന്ന് സുനിലിൻ്റെ ഭാര്യയും സുഹൃത്തും പൊലീസിന് മൊഴി നൽകി. ഏതാണ് വിഷമെന്നും ഏതു പാഴ്‌സൽ സർവീസിലൂടെയാണ് വിഷമെത്തിയതെന്നുമുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ചോദ്യം ചെയ്യലിന് പിന്നാലെ വിഷക്കുപ്പിയും വിഷമടങ്ങിയ പാത്രവും പൊലീസ് കണ്ടെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.
സുനിലിനെ ഒഴിവാക്കുക മാത്രമായിരുന്നോ ആസൂത്രിതമായ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന സംശയം പൊലീസിനുണ്ട്. സുഹൃത്തുമായുള്ള ബന്ധമാണ് സുനിലിനെ കൊല്ലാൻ കാരണമെന്നാണ് സുനിലിൻ്റെ അമ്മയും ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്.