നരേന്ദ്ര മോദിയും ട്രംപും Source: X/ @sidhant
NATIONAL

റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കുമോ? ട്രംപിനെ തള്ളാതെ ഇന്ത്യ

ഉപഭോക്താക്കളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്നാണ് വിശദീകരണം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്നാണ് വിശദീകരണം.

എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊര്‍ജ സാഹചര്യത്തില്‍ രാജ്യത്തെ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തില്‍ അധിഷ്ഠിതമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഊര്‍ജ സ്രോതസ്സുകള്‍ വിശാലമാക്കുന്നതും വിപണി സാഹചര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായി വൈവിധ്യവല്‍ക്കരിക്കുന്നതുമായ രീതിയില്‍ സ്ഥിര വിലയും സുരക്ഷിത വിതരണവും ഉറപ്പാക്കുക എന്ന ഇരട്ട ലക്ഷ്യത്തില്‍ അടിസ്ഥാനപ്പെടുത്തിയതാണ് രാജ്യത്തിന്റെ ഊര്‍ജ നയം.

നിലവിലെ അമേരിക്കന്‍ ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുമായി വര്‍ഷങ്ങള്‍ നീണ്ട വ്യാപാര ബന്ധമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടായി. നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് ആകില്ലെങ്കിലും സമയമെടുത്തായാലും അത് സംഭവിക്കുമെന്നുമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്.

ട്രംപിന്റെ വാദത്തെ തള്ളാതെയാണ് ഇന്ത്യയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. അമേരിക്കയ്ക്ക് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT