

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി വാക്കു നല്‍കിയെന്ന ട്രംപിന്റെ വാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഇന്ത്യയുടെ വിദേശനയങ്ങള്‍ തീരുമാനിക്കുന്നത് അമേരിക്കയാണോ എന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ ചോദിച്ചു. മോദിക്ക് ട്രംപിനെ പേടിയാണെന്ന കുറിപ്പില്‍ തുടങ്ങിയ പോസ്റ്റില്‍ വിമര്‍ശനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് രാഹുലിന്റെ പ്രതികരണം.
1. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാൻ പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു.
2. ആവര്‍ത്തിച്ചുള്ള അവഹേളനങ്ങള്‍ക്കിടയിലും മോദി അഭിനന്ദന സന്ദേശങ്ങള്‍ അയക്കുന്നു.
3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി
4. ഷാം എല്‍ ഷെയ്ഖ് സമാധാന ഉച്ചകോടി ഒഴിവാക്കി.
5. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ട്രംപിന്റെ വാദങ്ങളെ എതിര്‍ക്കുന്നില്ല.
ഇങ്ങനെ അക്കമിട്ട് നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വാദം. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന മോദിയുടെ ഉറപ്പ് പുതിയ ചുവടുവെപ്പാണെന്നും ഇനി ചൈനയേയും നിര്‍ബന്ധിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്നാണ് ഈ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.