ശശി തരൂർ എക്സിൽ പങ്കുവെച്ച പോസ്റ്റ്  Image: X
NATIONAL

'ചിറകുകള്‍ നമ്മുടേതാണ്, പറക്കാന്‍ ആരുടേയും അനുവാദം ചോദിക്കേണ്ട'; ശശി തരൂരിന്റെ പുതിയ പോസ്റ്റ്

ശശി തരൂരിന്റെ മോദി പ്രശംസയെ കടുത്ത ഭാഷയിൽ ഖാർഗേ വിമർശിച്ചിരുന്നു, ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

മോദി പ്രശംസയില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളിപ്പറഞ്ഞതിനു പിന്നാലെ, പുതിയ എക്‌സ് പോസ്റ്റുമായി തിരുവനന്തപുരം എംപി. 'പറക്കാന്‍ ആരുടേയും അനുവാദം ചോദിക്കേണ്ടതില്ല, കാരണം ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആര്‍ക്കും സ്വന്തവുമല്ല'. എന്നാണ് ശശി തരൂരിന്റെ പുതിയ പോസ്റ്റ്.

ശശി തരൂരിന്റെ മോദി പ്രശംസയെ കടുത്ത ഭാഷയിലാണ് ഖാര്‍ഗെ വിമര്‍ശിച്ചത്. 'ഞങ്ങള്‍ക്ക് രാജ്യമാണ് ആദ്യം, പക്ഷെ, ചിലര്‍ക്ക് ആദ്യം മോദിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് ശേഷം, മുഴുവന്‍ പ്രതിപക്ഷവും സൈന്യത്തോടൊപ്പമാണ് നിന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജ്യമാണ് ആദ്യം, പാര്‍ട്ടി രണ്ടാമതേ വരുന്നുള്ളൂ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷെ, ചിലര്‍ക്ക് മോദിയാണ് ആദ്യം, രാജ്യം രണ്ടാമതേയുള്ളൂ, അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നും ഖാര്‍ഗെ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച തരൂര്‍, സങ്കീര്‍ണമായ ആഗോള രാഷ്ട്രീയത്തില്‍- ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, നയതന്ത്ര നീക്കം എന്നിവ മുന്നോട്ട് നീങ്ങാന്‍ രാജ്യത്തെ സഹായിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇതോടെ, ശശി തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നത്. ഇതോടെ, നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ ചേരാനുള്ള ചാട്ടമായി തന്റെ ലേഖനത്തെ വ്യാഖ്യാനിക്കേണ്ടെന്ന വിശദീകരണവുമായി ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മോസ്‌കോയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയായിരുന്നു തരൂരിന്റെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍ ചിലയാളുകള്‍ ധ്വനിപ്പിക്കുന്നതുപോലെ, അത് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേരാനുള്ള എടുത്തുചാട്ടത്തിന്റെ സൂചനയല്ല. അത് ദേശീയ ഐക്യത്തിന്റെയും, ദേശീയ താല്‍പ്പര്യത്തിന്റെയും, ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നതിന്റെയും പ്രസ്താവനയാണെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്ന് AlCC ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ തരൂരിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയായിരുന്നു ഖാര്‍ഗെ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. ശശി തരൂരിന്റെ ഇംഗ്ലീഷ് മികച്ചതാണ്. തനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനം ഇല്ലാത്തതിനാല്‍ മറുപടി വായിച്ചു മനസിലാക്കാന്‍ സമയം വേണമന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. അദ്ദേഹത്തിന്റെ ഭാഷ മികച്ചതായതിനാലാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്നും ഖാര്‍ഗെ മറുപടി പറഞ്ഞു.

SCROLL FOR NEXT