ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് അത്യുഗ്ര സ്ഫോടനമായിരുന്നെന്ന് ദൃസാക്ഷികൾ. സ്ഫോടനത്തിൻ്റെ ശക്തിയിൽ വീടിൻ്റെ ജനാലകൾ കുലുങ്ങിയെന്നും, ഭൂമി കുലുങ്ങിയത് പോലെ തോന്നിയെന്നും ദൃസാക്ഷികൾ പറയുന്നു. തിങ്കളാഴ്ച വൈകീട്ടോടെയുണ്ടായ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു.
ഹൃദയഭേദകമായ കാഴ്ചയായിരുന്നു സ്ഫോടനത്തിന് പിന്നാലെ നഗരം കണ്ടത്. മെട്രോ സ്റ്റേഷന് സമീപത്തെ റോഡിൽ ചിന്നിചിതറിയ നിലയിലായിരുന്നു പലരുടേയും മൃതദേഹം. "ഒരാളുടെ ശരീരം കഷണങ്ങളായി മുറിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. റോഡില്‍ ഒരു കൈ മുറിഞ്ഞ് വീണുകിടക്കുന്നത് കണ്ടു. എനിക്കത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല'', സംഭവം നേരിട്ട് കണ്ട യുവാവ് പറയുന്നു.
"സ്ഫോടനമുണ്ടായതിന് പിന്നാലെ ഞാൻ ഓടി, ഓടുന്നതിനിടയിൽ മൂന്ന് തവണ വീണു. സ്ഫോടനം വളരെ ശക്തമായിരുന്നു, ഭൂമി ഇടിഞ്ഞു വീഴുന്നതുപോലെ തോന്നി. രണ്ടാമത്തെ സ്ഫോടനം ഉണ്ടായപ്പോൾ ഞങ്ങൾ എല്ലാവരും മരിക്കുമെന്ന് തോന്നി" മറ്റൊരു ദൃസാക്ഷി പറഞ്ഞു.
"ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു. ഞാൻ വീടിന്റെ മേൽക്കൂരയിലായിരുന്നു, അവിടെ നിലത്ത് വലിയ തീജ്വാലകൾ ഉയരുന്നത് കണ്ടു. എന്താണ് സംഭവിച്ചതെന്ന് കാണാൻ ഞാൻ താഴേക്ക് ഓടി. സ്ഫോടനത്തിന്റെ ശക്തി വളരെ കൂടുതലായതിനാൽ എന്റെ വീടിന്റെ ജനാലകൾ കുലുങ്ങിയിരുന്നു," മറ്റൊരു ദൃസാക്ഷി പറഞ്ഞു.
അതേസമയം പൊട്ടിത്തെറിച്ചത് വെള്ള ഹ്യൂണ്ടായ് ഐ 20 കാറാണെന്നാണ് റിപ്പോർട്ടുകൾ. കാറിനുള്ളിൽ മൂന്ന് പേരുണ്ടായിരുന്നെന്നും സൂചനയുണ്ട്. "ഇന്ന് വൈകുന്നേരം 6.52ന് സാവധാനത്തിൽ നീങ്ങിയ ഒരു കാർ സിഗ്നലിന് സമീപം നിർത്തി. ആ വാഹനത്തിൽ നിന്ന് പെട്ടെന്ന് ഒരു സ്ഫോടനമുണ്ടായി. സ്ഫോടനത്തെ തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു," ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.