Source: X
NATIONAL

"150-ലധികം കുട്ടികളെ രക്ഷപ്പെടുത്തി"; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് റെയിൽവേയുടെ പരമോന്നത പുരസ്കാരം

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ ചന്ദന സിൻഹയ്ക്കാണ് പുരസ്കാരം ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഒറ്റപ്പെട്ടു പോയ 150ഓളം കുട്ടികളെ രക്ഷപ്പെടുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് റെയിൽവേയുടെ പരമോന്നത പുരസ്കാരം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ ചന്ദന സിൻഹയ്ക്കാണ് ഇന്ത്യൻ റെയിൽവേയുടെ പരമോന്നത സേവന ബഹുമതിയായ അതിവിശിഷ്ട് സേവാ പുരസ്‌കാരം ലഭിച്ചത്.

ഇന്ത്യൻ റെയിൽവേയുടെ ഓപ്പറേഷൻ 'നാൻഹെ ഫാരിഷ്ടെ' (ഓപ്പറേഷൻ ലിറ്റിൽ ഏഞ്ചൽസ്) പ്രകാരം, ബാലവേലയിൽ നിന്നും മനുഷ്യക്കടത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിൽ നടത്തിയ മികച്ച പ്രവർത്തനത്തിനാണ് ഛത്തീസ്ഗഢ് സ്വദേശിയായ ഇൻസ്പെക്ടർ സിൻഹയ്ക്ക് അംഗീകാരം ലഭിച്ചത്.

ബച്ച്പൻ ബച്ചാവോ സമിതിയുമായി ചേർന്ന് 2024- 152 കുട്ടികളെ രക്ഷപ്പെടുത്തിയ ചന്ദന സിൻഹ, തൊഴിൽ ചൂഷണത്തിനായി കടത്തി കൊണ്ടുപോയ 41 പേരെയും രക്ഷപ്പെടുത്തി, അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. 2018 ൽ ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം, ആയിരക്കണക്കിന് കുട്ടികളെ അവരുടെ കുടുംബങ്ങളിൽ എത്തിക്കാൻ ആർ‌പി‌എഫിനെ ഈ കാംപെയ്ന് സഹായിച്ചിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

"റെയിൽവേ ജീവനക്കാർ എന്ന നിലയിൽ, യാത്രക്കാരുടെയും അവരുടെ വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കുട്ടികളെയും ദുർബലരായ ആളുകളെയും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രാഥമിക കടമയാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇതിൽ തുടർച്ചയായി പ്രവർത്തിക്കുന്നത്," ഇൻസ്പെക്ടർ ചന്ദന സിൻഹ പറഞ്ഞു.

പുറത്തുവരുന്ന കേസുകളിൽ ഭൂരിഭാഗവും ഉൾപ്പെട്ടിട്ടുള്ളത് 12നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണെന്ന് ചന്ദന സിൻഹ പറഞ്ഞു. മറ്റുള്ളവരുടെ പ്രലോഭനത്തിൽ മിക്ക കുട്ടികളും വീട്ടിൽ നിന്ന് ഓടിച്ചോടുന്നു. ഇതിന് പ്രധാന കാരണം ഓൺലൈൻ ഗെയിമുകളും ഇൻ്റർനെറ്റുമാണ്. ഓൺലൈൻ ഗെയിമുകൾ വഴിയാണ് ഇക്കാലത്ത് നിരവധി ആൺകുട്ടികളും പെൺകുട്ടികളും അപരിചിതരുമായി ബന്ധപ്പെടുന്നത്. ഇവയൊക്കെ കുട്ടികളുടെ മനസിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നു എന്ന് അവർ വ്യക്തമാക്കി.

രക്ഷപ്പെടുത്തിയ കുട്ടികൾക്ക് അതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ കൗൺസിലിങ് നൽകുന്നുണ്ടെന്നും, അവരുടെ കുട്ടികളെ നന്നായി മനസിലാക്കാൻ അവരുടെ മാതാപിതാക്കൾക്കും കൗൺസിലിങ് നൽകുന്നുണ്ടെന്നും ചന്ദന സിൻഹ കൂട്ടിച്ചേർത്തു.

SCROLL FOR NEXT