സുപ്രീം കോടതി Source; X
NATIONAL

ഡൽഹിയില്‍ രാത്രി ഒറ്റയ്ക്ക് നടക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നണം; കുറ്റകൃത്യം ചെയ്യാൻ പുരുഷന്മാർ പേടിക്കണം: സുപ്രീം കോടതി

'ഇപ്പോള്‍ എന്തെങ്കിലും ചെയ്താല്‍, ഞാന്‍ മരിക്കും എന്നൊരു ഭയം', ഒരു ഗുണ്ടയിലോ സാമുഹ്യവിരുദ്ധനിലോ സൃഷ്ടിക്കാനാകണം

Author : ന്യൂസ് ഡെസ്ക്

രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. ഡല്‍ഹിയില്‍ സ്ത്രീകള്‍ രാത്രിയില്‍ ഒറ്റയ്ക്കു നടക്കുമ്പോള്‍ പോലും സുരക്ഷിതത്വം തോന്നണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പുരുഷന്മാര്‍ പേടിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിൽ വർധിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ സ്വമേധയാ എടുത്ത കേസിലായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയ പരമോന്നത കോടതി നിർദേശങ്ങളും സുരക്ഷാ പദ്ധതികളും കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, പ്രായോഗികമായി നടപ്പാക്കണമെന്നും വ്യക്തമാക്കി.

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന പൊതുവികാരത്തെ അഭിസംബോധന ചെയ്യവെ, മെട്രോ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളും ബീറ്റ് പട്രോളിങ് യൂണിറ്റുകൾ തുടർച്ചയായി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഡൽഹി പൊലീസിന്റെ കൺട്രോൾ റൂം വാനുകളുടെ ഹാൾട്ടിങ് പോയിന്റുകൾ ശക്തിപ്പെടുത്തണം. ഉത്സവകാലം അടുത്തുവരുന്നതിനാല്‍, അക്രമികൾ പൊലീസിന്റെ കണ്ണില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍, സ്ത്രീകൾ സുരക്ഷിതരാണെന്നും ഉറപ്പാക്കണം.

കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുള്ള പുരുഷന്റെ മനസില്‍ ഭീതിയോ ഭയമോ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. 'ഇപ്പോള്‍ എന്തെങ്കിലും ചെയ്താല്‍ ഞാന്‍ മരിക്കും എന്നൊരു ഭയം', ഒരു ഗുണ്ടയിലോ സാമുഹ്യവിരുദ്ധനിലോ സൃഷ്ടിക്കാനാകുന്നില്ലെങ്കില്‍, അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പീഡിപ്പിക്കപ്പെടുന്ന ഓരോ പെൺകുട്ടിയും നമ്മുടെ സഹോദരിയാണ്, നമ്മുടെ അമ്മയാണ്. ദേശീയ തലസ്ഥാന മേഖല ഡല്‍ഹി പൊലീസിന് വലിയ വെല്ലുവിളിയാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കരുത്‍ - സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

ഡൽഹി-ദേശീയ തലസ്ഥാന മേഖലയില്‍ റിപ്പോർട്ട് ചെയ്ത ഗുരുതരമായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്. ആസ്ത കുഞ്ച് പാർക്കിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണം, സ്വരൂപ് നഗറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസ്, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡല്‍ഹിയിലേക്ക് സഞ്ചരിച്ച സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം എന്നിവയിലാണ് കോടതിയുടെ ഇടപെടല്‍.

SCROLL FOR NEXT