

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്തത് ഏകപക്ഷീയമായ തീരുമാനങ്ങൾ ആണെങ്കിൽ റദ്ദാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യം കാട്ടി കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. എന്നാൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിപ്പിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചിട്ടുള്ള നടപടികളിലാണ് കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യത്ത് കലാപം ഉണ്ടാകുമെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ വികാസ് സിംഗ് സുപ്രീം കോടതിയിൽ പറഞ്ഞു. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നൽകിയത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അക്കാര്യം അറിയാൻ തങ്ങൾക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.