പൂനെ: കൊച്ചുമകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് സൂര്യകാന്തിൻ്റെ മരുമകൾ സോണാലി അന്ദേക്കറിനും അദ്ദേഹത്തിൻ്റെ സഹോദരഭാര്യ ലക്ഷ്മി അന്ദേക്കറിനും പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയം. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർഥികളായാണ് ഇരുവരും മത്സരിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ നാമനിർദേശം ചെയ്തതിന് ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് പാർട്ടിക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.
2024 സെപ്റ്റംബർ 1 ന് പൂനെയിലെ നാനാ പേത്തിൽ കൊല്ലപ്പെട്ട മുൻ എൻസിപി കോർപ്പറേറ്റർ വനരാജ് അന്ദേക്കറുടെ ഭാര്യയാണ് സോണാലി അന്ദേക്കർ. സ്വത്ത് തർക്കത്തെ തുടർന്ന് വനരാജിൻ്റെ രണ്ട് സഹോദരിമാരിൽ ഒരാളുടെ ഭർത്താവായ ഗണേഷ് കോംകർ ആണ് വനരാജിനെ കൊലപ്പെടുത്തിയന്നായിരുന്നു ആരോപണം. കൃത്യം ഒരു വർഷത്തിനുശേഷം, 2025 ൽ, ഗണേഷ് കോംകറിന്റെ 19 വയസ്സുള്ള മകൻ ആയുഷ് കോംകർ പ്രതികാര നടപടിയായി കൊല്ലപ്പെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബന്ദു അന്ദേക്കർ, മകൻ കൃഷ്ണ അന്ദേക്കർ, സൊനാലി അന്ദേക്കർ, ലക്ഷ്മി അന്ദേക്കർ, തുടങ്ങിയവർ അറസ്റ്റിലാവുകയായിരുന്നു.
മുൻ എംഎൽഎയും ശിവസേന നേതാവുമായ രവീന്ദ്ര ധങ്കേക്കറുടെ ഭാര്യ പ്രതിഭ ധങ്കേക്കറെയാണ് സൊണാലി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി റുതുജ ഗഡാലെയെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലക്ഷ്മി വിജയിച്ചത്. പ്രചാരണ സമയത്ത് സൊണാലിയും ലക്ഷ്മിയും ജയിലിലായിരുന്നെങ്കിലും പ്രചാരണത്തിന് നേതൃത്വം നൽകിയതും മറ്റ് കുടുംബാംഗങ്ങളായിരുന്നു.