ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാനില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 
NATIONAL

"ജാതിയും മതവും തിരിച്ചുള്ള കണക്കില്ല"; 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരില്ലെന്ന യോഗിയുടെ ആരോപണത്തില്‍ മറുപടി

1.27 കോടി ഹിന്ദു വോട്ടർമാർ പുറത്തായോ? യോഗിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ കാണാതായെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഒരു അഭിമുഖത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം.

എസ്‌ഐആറിന് ശേഷം വോട്ടര്‍പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടികയിലുണ്ടായിരുന്ന 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലിസ്റ്റില്‍ ഇല്ലെന്നുമായിരുന്നു യോഗി പറഞ്ഞത്. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ 55 ലക്ഷം ഹിന്ദു ഗുണഭോക്താക്കളും 18-19 പ്രായത്തിലുള്ള 4.5 ലക്ഷം പേരും ഉള്‍പ്പെടെ 66 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ കാണാനില്ലെന്നും യോഗി അവകാശപ്പെട്ടിരുന്നു.

വോട്ടര്‍മാരുടെ മതവും ജാതിയും നോക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ സൂക്ഷിക്കാറില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നവദീപ് റിന്‍വ നല്‍കിയ വിശദീകരണം. വോട്ടറുടെ പേര്, പിതാവിന്റേയോ പങ്കാളിയുടേയോ പേര്, പ്രായം, വീട് നമ്പര്‍, ലിംഗം എന്നിവയാണ് വോട്ടര്‍ ഡാറ്റാബേസില്‍ ഉണ്ടാകുക. ഡാറ്റാബേസില്‍ ഒരാളുടെ മതവും ജാതിയും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. മാധ്യമസ്ഥാപനങ്ങളോ സ്വതന്ത്ര വിദഗധരോ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണ്ടെത്തലുകളായി കണക്കാക്കാനാവില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പട്ടികയില്‍ 13.58 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7.38 കോടി പുരുഷന്മാരും 6.20 കോടി സ്ത്രീകളുമാണ് ഉള്ളത്. ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 18.84 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായതായും നവദീപ് റിന്‍വ വിശദീകരിച്ചു.

2027 ജനുവരിയിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും സമര്‍പ്പിക്കാം.ഫോം 6, 7, 8 എന്നിവ ഉപയോഗിച്ച് പേര് ചേര്‍ക്കുകയും നീക്കം ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയുമാകാം.

SCROLL FOR NEXT