ട്രംപും ഷി ജിൻപിംഗും പുടിനും ഒരു മേശയ്ക്ക് ചുറ്റും! 'യാൾട്ട 2.0' എന്ന് ഭയപ്പെട്ട് ഉക്രെയ്നും ജപ്പാനും തായ്‌വാനും

81 വർഷം മുൻപ്, 1945 ഫെബ്രുവരിയിൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനും ക്രിമിയയിലെ യാൾട്ടയിൽ ഒത്തുകൂടിയിരുന്നു.
News Malayalam
News MalayalamTrump, Xi, and Putin to Meet in Shenzhen on Nov 19: Why Allies Fear a 'Yalta 2.0' Moment
Published on: 
Updated on: 

ബിയജിംങ്: നവംബർ 19-ന് ചൈനയിലെ ഷെൻസെൻ നഗരത്തിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ ചരിത്രത്തിലാദ്യമായി ഒരു മേശയ്ക്ക് ചുറ്റും ഒന്നിക്കുകയാണ്. ലോകത്തെ ഏറ്റവും ശക്തരായ മൂന്ന് നേതാക്കളുടെ ഈ അഭൂതപൂർവ്വമായ നയതന്ത്ര കൂടിക്കാഴ്ചയെ ഉക്രെയ്ൻ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, തായ്‌വാൻ തുടങ്ങിയ മേഖലകൾ തികഞ്ഞ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തിലെ 'യാൾട്ട 2.0' എന്നാണ് പലരും ഈ ഉച്ചകോടിയെ വിശേഷിപ്പിക്കുന്നത്.

81 വർഷം മുൻപ്, 1945 ഫെബ്രുവരിയിൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനും ക്രിമിയയിലെ യാൾട്ടയിൽ ഒത്തുകൂടിയിരുന്നു. അന്ന് ചെറിയ രാജ്യങ്ങളെയൊന്നും കൂടെക്കൂട്ടാതെ, യുദ്ധശേഷമുള്ള യൂറോപ്പിനെ വൻശക്തികൾ തങ്ങളുടെ സ്വാധീന മേഖലകളായി പങ്കുവെച്ചതാണ് പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധത്തിലേക്ക് ലോകത്തെ നയിച്ചത്. വലിയ ശക്തികൾ അടച്ചിട്ട മുറികളിലിരുന്ന് ചെറുരാജ്യങ്ങളുടെ വിധി തീരുമാനിക്കുന്നതിന്റെ പ്രതീകമായി ചരിത്രത്തിൽ 'യാൾട്ട' മാറിയതുകൊണ്ടാണ് ട്രംപും ഷിയും പുടിനും ഒരുമിച്ചിരിക്കുമ്പോൾ ലോകം 'യാൾട്ട 2.0' എന്ന് ആശങ്കപ്പെടുന്നത്.

News Malayalam
അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാകരുതെന്ന് നേതാക്കൾ; ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ മഞ്ഞുരുകുന്നു

ഷെൻസെനിലെ ത്രികക്ഷി കൂടിക്കാഴ്ചയിൽ മൂന്ന് നേതാക്കളും വ്യത്യസ്ത അജണ്ടകളുമായാണ് എത്തുന്നത്. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ, ചൈനയെക്കൂടി ഉൾപ്പെടുത്തി ഒരു ആണവായുധ നിയന്ത്രണ ചർച്ചയും ഇറാൻ യുദ്ധവിഷയവുമാണ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്തിടെയുണ്ടായ ഇടക്കാല തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാനുള്ള നയതന്ത്ര നീക്കമായും ഇതിനെ കാണുന്നു. മറുവശത്ത്, ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ വ്ലാദിമിർ പുടിന് അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം തുല്യപദവിയിൽ ഇരിക്കാനുള്ള അവസരമാണിത്. അമേരിക്കൻ, റഷ്യൻ നേതാക്കളെ സ്വന്തം മണ്ണിൽ ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി, ആഗോളതലത്തിൽ ചൈനയുടെ നയതന്ത്ര പ്രാധാന്യം തെളിയിക്കാനാണ് ഷി ജിൻപിംഗ് ശ്രമിക്കുന്നത്.

എന്നാൽ ഈ കൂടിക്കാഴ്ച അമേരിക്കയുടെ സഖ്യകക്ഷികളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളെ മാറ്റിനിർത്തി മറ്റൊരു യാൾട്ട ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കി. ഉക്രെയ്ൻ യുദ്ധത്തിന് സമ്പത്തും ആയുധങ്ങളും നൽകുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യ-ഉക്രെയ്ൻ ചർച്ചകളിൽ നിന്ന് തങ്ങൾ പുറത്താകുമോ എന്ന ആശങ്കയിലാണ്. ഏഷ്യ-പസഫിക്കിലെ കാര്യങ്ങൾ ചൈനയും റഷ്യയും ചേർന്ന് തീരുമാനിക്കുമോ എന്ന ഭയത്താൽ ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകായിച്ചി മനിലയിലെ ആസിയാൻ ഉച്ചകോടിയിൽ വെച്ച് ട്രംപിനെ നേരിൽ കാണാൻ ശ്രമിക്കുകയാണ്. തായ്‌വാനും വലിയ ആശങ്കയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു; ചൈനയ്ക്ക് വേണ്ടി അമേരിക്ക കണ്ണടയ്ക്കുന്ന ഒരു തീരുമാനത്തിലെത്തിയാൽ തങ്ങളുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്നും, സൗകര്യത്തിന് വേണ്ടി അമേരിക്ക ഉക്രെയ്നെ കൈവിട്ടാൽ നാളെ തായ്‌വാനെയും കൈവിടില്ലേ എന്നുമാണ് നിരീക്ഷകർ ഉയർത്തുന്ന ചോദ്യം.

News Malayalam
"നടപടി അംഗീകരിക്കാനാവില്ല"; കരിങ്കടലിൽ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

അതേസമയം, ഇതൊരു 'യാൾട്ട 2.0' ആണെന്ന വാദം റഷ്യ തള്ളിക്കളയുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മോസ്കോ വ്യക്തമാക്കുമ്പോൾ, ലോകം ഇനി അമേരിക്കയുടെ മാത്രം നിയന്ത്രണത്തിലല്ലെന്നും അതൊരു ബഹുധ്രുവ ലോകമായി മാറിയെന്നതിന്റെ തെളിവാണിതെന്നുമാണ് റഷ്യൻ ദേശീയവാദികൾ അഭിപ്രായപ്പെടുന്നത്. മൂന്ന് രാജ്യങ്ങളുടെയും താല്പര്യങ്ങൾ പരസ്പര വിരുദ്ധമായതിനാൽ ഷെൻസെനിൽ വെച്ച് വലിയ കരാറുകളൊന്നും ഒപ്പിടാൻ സാധ്യതയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും ലോകരാഷ്ട്രീയം ഇനി പഴയതുപോലെയാകില്ല എന്ന വ്യക്തമായ സന്ദേശം ഈ കൂടിക്കാഴ്ച നൽകുന്നുണ്ട്. ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ച ലോകസമാധാനത്തിന് വഴിയൊരുക്കുമോ അതോ ചെറുരാജ്യങ്ങൾക്ക് ഭീഷണിയാകുമോ എന്ന് കണ്ടറിയണം.

News Malayalam
സൈബർ ആക്രമണമല്ല; വിമാന സർവീസുകൾ തടസപ്പെടാൻ കാരണം പഴകിയ എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളെന്ന് ട്രംപ് ഭരണകൂടം