പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസിൽ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ ഹർജിയിൽ മമത ബാനർജിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്ഐആറിലെ തുടര്‍ നടപടികള്‍ക്കും കോടതി സ്റ്റേ ഏർപ്പെടുത്തി. ബംഗാള്‍ പൊലീസ് ഇഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത നാല് എഫ്ഐആറുകളാണ് സ്റ്റേ ചെയ്തത്.
ജനുവരി 8ലെ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൻ്റെ ഡിജിറ്റല്‍ ഡിവൈസുകളും സംരക്ഷിക്കപ്പെടണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. കേസിൽ ഫെബ്രുവരി 3ന് അടുത്ത വാദം കേൾക്കുന്ന വരെ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ റെയ്ഡ് തടസപ്പെടുത്തിയതിൽ സിബിഐ അന്വേഷണം വേണമെന്നും ഇഡി ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിൻ്റെ ഐടി വിഭാഗം മേധാവി പ്രദീക് ജയിൻ്റെ വീട്ടിലും ഓഫീസിലും നടത്തിയെ റെയ്ഡിനിടെ മമത ബാനർജി അതിക്രമിച്ച് കടന്നുവെന്നും തെളിവുകൾ എടുത്തു കൊണ്ടു പോയെന്നും കാണിച്ചായിരുന്നു ഇഡി ഹർജി നൽകിയത്. ഇതിന് പിന്നാലെ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും തടസ ഹർജിയും നൽകി. തുടർന്ന് കോടതിയിൽ പോര് രൂക്ഷമായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെ കൊൽക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തിൽ വളരെയധികം അസ്വസ്ഥതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.