നീറ്റ് യുജി 2024 പരീക്ഷ ക്രമക്കേടുകളില്‍ വിശദമായ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. പരീക്ഷ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് പരീക്ഷ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചു.
ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സൈബര്‍ സുരക്ഷയിലെ പിഴവുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന് കോടതി പറഞ്ഞു. മെയ് 5ന് നടന്ന നീറ്റ് യുജി പരീക്ഷ, ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് വിവാദമായത്. പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇത്തരം 'തിരിമറികള്‍' ഒഴിവാക്കണമെന്ന് കോടതി കൂട്ടിചേര്‍ത്തു. ഇത്തരം പ്രവണതകൾ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതല്ലായെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന ബെഞ്ചാണ് നീറ്റ് വിഷയം പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച 7 അംഗ നീറ്റ് പരീക്ഷാപരിഷ്‌കരണ കമ്മിറ്റിയോട് സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെഞ്ച് ഉത്തരവിട്ടു. മുന്‍ ഐഎസ്ആര്‍ഒ തലവന്‍ ഡോ. കെ. രാധാകൃഷ്ണനാണ് കമ്മിറ്റിയെ നയിക്കുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി എട്ട് പോയിന്‍റുകള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന് ഏകീകൃത പ്രവര്‍ത്തന ക്രമം , പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നതിന് മാനദണ്ഡം, പരീക്ഷാര്‍ത്ഥികളുടെ തിരിച്ചറിയല്‍ പരിശേധന, പരീക്ഷാ കേന്ദ്രങ്ങള്‍ സിസിടിവി നിരീക്ഷണത്തില്‍ കൊണ്ടുവരിക എന്നിങ്ങനെയുള്ള എട്ടു പോയിന്‍റുകളാണ് കോടതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പരിശോധിച്ച് നടപടികള്‍ എടുക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി കൗണ്‍സിലിങ് പ്രോഗ്രാമുകളും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനവും നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണ ചുമതല കേന്ദ്ര ഏജന്‍സിയായ സിബിഐക്കാണ്. മുഖ്യ സൂത്രധാരന്‍ എന്നു സംശയിക്കുന്ന 'റോക്കി' എന്ന രാകേഷ് രാജനെ അടക്കം നിരവധി പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ സിബിഐ ആദ്യ ചാര്‍ജ് ഷീറ്റും ഫയല്‍ ചെയ്തു.