NEWSROOM

നെതന്യാഹുവിൻ്റെ യുഎസ് സന്ദർശനം: പ്രതിഷേധം ശക്തം; അമേരിക്കൻ പതാക കത്തിച്ച് പലസ്തീൻ അനുകൂലികൾ

'ഇറാൻ്റെ ഉപയോഗമുള്ള വിഡ്ഢികളെ'ന്നായിരുന്നു പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ നെതന്യാഹു വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. തെരുവുകളിൽ അമേരിക്കൻ പതാക കത്തിച്ചും പലസ്തീൻ പതാകയുയർത്തിയും പലസ്തീൻ അനുകൂലികൾ നെതന്യാഹുവിനോടുള്ള എതിർപ്പ് വ്യക്തമാക്കി. യുഎസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കാനെത്തിയതായിരുന്നു നെതന്യാഹു.

ഇസ്രയേലിനുള്ള സൈനിക സഹായം അമേരിക്ക നിർത്തലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നെതന്യാഹുവിൻ്റെ വരവോടെ വാഷിംഗ്ടൺ ഡിസിയിലെ യൂണിയൻ സ്റ്റേഷന് സമീപം സ്ഥാപിച്ച അമേരിക്കൻ പതാക പലസ്തീൻ അനുകൂല പ്രതിഷേധക്കാർ നീക്കം ചെയ്തു. പകരം പലസ്തീൻ പതാക സ്ഥാപിക്കും. പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയിൽ ബോംബാക്രമണം നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് സംഘടിച്ചിരിക്കുന്നത്.  പ്രതിഷേധം കടുത്തതോടെ ക്യാപിറ്റോളിലെ നിരവധി പ്രദേശങ്ങളിൽ ട്രാഫിക് തടസ്സമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രകടനക്കാരെ പെപ്പർ സ്പ്രേ ഉൾപ്പെടെ ഉപയോഗിച്ചാണ് ക്യാപിറ്റോൾ പൊലീസ് നേരിട്ടത്. പ്രതിഷേധക്കാർ അക്രമാസക്തമായതോടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് പൊലീസിൻ്റെ പക്ഷം.

പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ 'ഇറാൻ്റെ ഉപയോഗമുള്ള വിഡ്ഢികളെ'ന്നായിരുന്നു അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യവേ നെതന്യാഹു വിശേഷിപ്പിച്ചത്. ക്രെയിനുകളിൽ സ്വവർഗ്ഗാനുരാഗികളെ തൂക്കിയിടുകയും, മുടി മറയ്ക്കാത്തതിന് സ്ത്രീകളെ കൊല്ലുകയും ചെയ്യുന്ന ടെഹ്‌റാനിലെ സ്വേച്ഛാധിപതികളാണ്  നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇറാൻ നിങ്ങളെ കളിപ്പാവകളാക്കി മാറ്റുകയാണ് എന്നായിരുന്നു നെതന്യാഹു പറഞ്ഞത്.

ഗാസയുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി, വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഉൾപ്പെടെ 30ഓളം ഡെമോക്രാറ്റിക് നേതാക്കൾ കോൺഗ്രസിൽ പങ്കെടുത്തിരുന്നില്ല. ഏകദേശം പത്ത് മാസം മുമ്പ് ആരംഭിച്ച യുദ്ധത്തെ തുടർന്ന് ഇപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നെതന്യാഹുവിന് നേരെ ഉയരുന്നത്.

SCROLL FOR NEXT