'സ്ട്രേഞ്ചർ തിങ്സ്' റെഫറൻസ് പോസ്റ്ററുമായി കേരള ടൂറിസം Source: Instagram
NEWSROOM

"എടാ ഹെൽത്തി കുട്ടാ"; സർവം 'സ്ട്രേഞ്ചർ തിങ്സ്' മയം, കേരള ടൂറിസത്തിന്റെ പോസ്റ്റിന് നെറ്റ്‌ഫ്ലിക്സിന്റെ കമന്റ്

ടൂറിസം വകുപ്പിന്റെ പോസ്റ്റും അതിന് നെറ്റ്‌ഫ്ലിക്സ് നൽകിയ മറുപടിയും വൈറലാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നെറ്റ്‌ഫ്ലിക്സിന്റെ ഹിറ്റ് സൈ-ഫൈ സീരീസ് ആയ സ്ട്രേഞ്ചർ തിങ്സിന്റെ അഞ്ചാം സീസൺ റിലീസ് ആയിരിക്കുന്നു. ആവേശത്തോടെയാണ് സീരിസിനെ ആരാധകർ വരവേറ്റത്. കേരളത്തിലും വലിയ തോതിൽ പ്രേക്ഷകരുള്ള സീരീസിന്റെ അവസാന സീസണിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

'സ്ട്രേഞ്ചർ തിങ്സ്' റെഫറൻസിൽ നിരവധി പരസ്യങ്ങളും പോസ്റ്റുകളും കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരള ടൂറിസവും ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ജസ്റ്റ് കേരള തിങ്സ്' എന്ന ടെക്സ്റ്റും സ്ട്രേഞ്ചർ തിങ്സിലെ 'വെക്ന' എന്ന കഥാപാത്രം ഇളനീർ കുടിച്ചു നിൽക്കുന്ന ചിത്രവുമാണ് ടൂറിസം വകുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനാണ് നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കമന്റ് ചെയ്ത്. "എടാ ഹെൽത്തി കുട്ടാ" എന്നായിരുന്നു കമന്റ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഹാഷിർ ആൻഡ് ടീമിന്റെ റിലീലെ ഹിറ്റ് ഡയലോഗാണിത്.

ടൂറിസം വകുപ്പിന്റെ പോസ്റ്റും അതിന് നെറ്റ്‌ഫ്ലിക്സ് നൽകിയ മറുപടിയും വൈറലാണ്. 'ഇതിലും ഇനി സ്ട്രേഞ്ച് ആകാൻ ഇല്ല', 'സ്റ്റീവ് നമ്പൂതിരി എവിടെ' എന്നിങ്ങനെയുള്ള കമന്റുകളുമായി പോസ്റ്റിനെ ആഘോഷമാക്കുകയാണ് സീരീസ് ആരാധകരായ മലയാളികൾ.

നവംബർ 27 പുലർച്ചെ 6.30 മുതൽ ആണ് 'സ്ട്രേഞ്ചർ തിങ്സ്' സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളായാണ് സീരീസ് പുറത്തിറങ്ങുക. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. മൂന്ന് എപ്പിസോഡുകളാണ് രണ്ടാം വോള്യത്തിൽ ഉള്ളത്. ഡിസംബർ 26, പുലർച്ചെ 6.30ന് രണ്ടാം ഭാഗം പുറത്തിറങ്ങും. ജനുവരി ഒന്നിന്, പുതുവത്സര ദിനത്തിലാകും മൂന്നാം വോള്യം എത്തുക.

SCROLL FOR NEXT