NEWSROOM

കേരളത്തിലെ ബിജെപി അംഗത്വം 20 ശതമാനം വർധിപ്പിക്കാൻ നിർദേശം; ദേശീയാധ്യക്ഷനെ നവംബറിൽ തെരഞ്ഞെടുക്കും

ആർഎസ്എസ് സംഘടനാ സെക്രട്ടറിമാരെ പിൻവലിച്ച കേരളത്തിൽ പുതിയ സംഘടന സെക്രട്ടറിയെ നവംബർ വരെ നിയമിക്കേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു

Author : ന്യൂസ് ഡെസ്ക്

പുതിയ ബിജെപി അധ്യക്ഷനെ നവംബറിൽ തെരഞ്ഞെടുക്കാൻ ബിജെപി ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. നിലവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻമാരും അതുവരെ തുടരും. മെമ്പർഷിപ്പ് ക്യാമ്പയിൻ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കാനും ബിജെപി ഉന്നതതല യോഗത്തിൽ തീരുമാനമായി.

ബിജെപി അംഗത്വം കഴിഞ്ഞ രണ്ട് വർഷമായി പുതുക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമിടാനും ബിജെപി ഉന്നതതല യോഗത്തിൽ തീരുമാനമായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അംഗത്വം 20 ശതമാനം വർധിപ്പിക്കാനും യോഗത്തിൽ നിർദേശിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ജെ.പി. നദ്ദക്ക് പകരം പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ തീരുമാനം.

കഴിഞ്ഞ രണ്ട് വർഷം അംഗത്വം പുതുക്കുന്ന പ്രക്രിയ തടസപ്പെട്ടത്, പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. ആർഎസ്എസ് സംഘടനാ സെക്രട്ടറിമാരെ ബിജെപിയിൽ നിന്ന് പിൻവലിച്ച സാഹചര്യവും യോഗത്തിൽ ചർച്ചയായി.

ആർഎസ്എസ് സംഘടനാ സെക്രട്ടറിമാരെ പിൻവലിച്ച കേരളത്തിൽ പുതിയ സംഘടന സെക്രട്ടറിയെ നവംബർ വരെ നിയമിക്കേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിൽ കേരളത്തിൽനിന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്തു.

SCROLL FOR NEXT