സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെങ്കോട്ടയിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒന്നാം നിരയില്‍ സീറ്റ് നല്‍കിയില്ല. പത്ത് വര്‍ഷത്തിനു ശേഷമാണ് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്.
ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവിന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുന്‍നിരയിലാണ് ഇരിപ്പിടം. 2014 മുതല്‍ ഈ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ചെങ്കോട്ടിലെത്തിയ രാഹുലിന് അവസാനത്തില്‍ നിന്നും രണ്ടാമത്തെ വരിയിലാണ് ഇരിപ്പിടം കിട്ടിയത്. രാഹുലിനൊപ്പമായിരുന്നു പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ മനു ഭാക്കറിന്റെയും സരബ്‌ജോത് സിങ്ങിന്റെയും ഇരിപ്പിടം. അടുത്ത തന്നെയിരുന്ന ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാക്കളായ ഹോക്കി ടീം അംഗങ്ങള്‍ രാഹുലുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
ALSO READ: വികസിത് ഭാരത് @ 2047: എങ്ങോട്ടാണ് ഇന്ത്യ..?
ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ചെങ്കോട്ടയില്‍ ഏറ്റവും കൂടുതല്‍ തവണ പതാക ഉയര്‍ത്തിയെന്ന ബഹുമതി നരേന്ദ്ര മോദി നേടി. 11-ാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.
ഏകീകൃത സിവില്‍ കോഡിന്‍റെ ആവശ്യം ഉയര്‍ത്തിയും 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രഖ്യാപിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. 98 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മതവിവേചനം ഒഴിവാക്കാന്‍ മതേതര സിവില്‍കോഡ് രാജ്യത്തിന് ആവശ്യമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒളിംപിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക അതിഥികള്‍ ചടങ്ങില്‍ പങ്കാളികളായിരുന്നു.