'ഏകീകൃത സിവില്‍കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും'; ചെങ്കോട്ടയില്‍ മോദിയുടെ 11-ാം സ്വാതന്ത്ര്യദിന പ്രസംഗം

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ബംഗ്ലാദേശിൻ്റെ നല്ല നാളെയ്ക്കായി എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു
'ഏകീകൃത സിവില്‍കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും'; ചെങ്കോട്ടയില്‍ മോദിയുടെ 11-ാം സ്വാതന്ത്ര്യദിന പ്രസംഗം
Published on

ഏകീകൃത സിവിൽ കോഡിന്‍റെ ആവശ്യം ഉയർത്തിയും 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രഖ്യാപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെ അനുസ്മരിച്ചും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

രണ്ട് മണിക്കൂറിലധികം നീണ്ട സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മതവിവേചനം ഒഴിവാക്കാൻ മതേതര സിവിൽകോഡ് രാജ്യത്തിന് ആവശ്യമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് വേണ്ടത് മതാധിഷ്ഠിത സിവിൽകോഡല്ല, പകരം മതേതര സിവിൽ കോഡ് ആണെന്നും മോദി കൂട്ടിച്ചേർത്തു.

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തിയത്. കർഷകരും യുവാക്കളും സ്ത്രീകളും രാഷ്ട്രനിർമാണത്തിൽ അവിഭാജ്യ ഘടകമാണ്. രാജ്യം വികസനത്തിൻ്റെ ഹബ്ബായി മാറിയെന്നും ബഹിരാകാശ രംഗത്ത് സൂപ്പർ പവർ ആവുകയാണെന്നും മോദി പറഞ്ഞു. പരിഷ്കാരങ്ങൾ കയ്യടിക്ക് വേണ്ടിയല്ല. കുടുംബവാദവും ജാതി വാദവും ഇന്ത്യയ്ക്ക് ആപത്താണ്. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.


ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും. കൊളോണിയൽ കാലത്തെ നിയമങ്ങൾ പരിഷ്കരിക്കാനായത് നേട്ടമായി. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത ശിക്ഷ കൊണ്ടുവരണം, ഭാരതത്തിൻ്റെ വളർച്ചയെ ലോകം ഉറ്റുനോക്കുന്നു. എല്ലാ മേഖലയിലും നൈപുണ്യ വികസനം സാധ്യമാകുന്നു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനായെന്നും ജൽജീവൻ പദ്ധതി വഴി 15 കോടി വീടുകളിൽ കുടിവെള്ളം എത്തിക്കാനായെന്നും മോദി പറഞ്ഞു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ബംഗ്ലാദേശിൻ്റെ നല്ല നാളെയ്ക്കായി എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു. തുടർച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാജ്യ പുരോഗതിയെ ബാധിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ പ്രശ്നപരിഹാരം നടത്താമെന്നും ഉറപ്പുനൽകി.

ഒളിംപിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കാളികളായി. ഇന്ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെ ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ചെങ്കോട്ടയിൽ ഏറ്റവും കൂടുതല്‍ തവണ പതാക ഉയർത്തിയെന്ന ബഹുമതിയും മോദിയെ തേടിയെത്തി. 11-ാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com