നീരജ് ചോപ്ര, അര്‍ഷദ് നദീം 
NEWSROOM

'സ്വര്‍ണം നേടിയതും എന്റെ മകന്‍ തന്നെ'; നദീമിനെ അഭിനന്ദിച്ച് നീരജ് ചോപ്രയുടെ മാതാവ്

ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ പാക് താരമെന്ന റെക്കോർഡ് നദീം സ്വന്തമാക്കി.

Author : ന്യൂസ് ഡെസ്ക്



പാരിസ് ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ പാക് താരം അര്‍ഷദ് നദീമിനെ അഭിനന്ദിച്ച് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി.'നീരജിന്റെ വെള്ളി നേട്ടത്തില്‍ വളരെ സന്തോഷമുണ്ട്. സ്വര്‍ണം നേടിയവനും എന്റെ മകനാണ്. അവനും കഠിനമായി പ്രയത്നിച്ചു'-എന്നായിരുന്നു നീരജിന്റെ നേട്ടത്തിനു പിന്നാലെ സരോജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ തവണ ചാമ്പ്യനായ നീരജിനെ പിന്തള്ളിയാണ് അർഷദ് നദീം ഇത്തവണ സ്വർണം സ്വന്തമാക്കിയത്.

"എല്ലാവരും വളരെ സന്തോഷത്തിലാണ്. നമുക്ക് ആ വെള്ളി മെഡലും സ്വര്‍ണമാണ്. സ്വര്‍ണം നേടിയ ആളും എന്റെ മകനാണ്. കഠിന പ്രയത്നം ചെയ്തിട്ടാണ് എല്ലാവരും അവിടേക്ക് പോകുന്നത്" - നീരജിന്റെ വിജയത്തിനുശേഷം സരോജ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവര്‍ക്കും ഒരു ദിവസമുണ്ട്, ഇന്ന് പാകിസ്ഥാന്റെ ദിവസമാണെന്നായിരുന്നു നീരജിന്റെ പിതാവ് സതീഷിന്റെ പ്രതികരണം. നമ്മള്‍ വെള്ളി സ്വന്തമാക്കി. നമ്മെ സംബന്ധിച്ചിടത്തോളം അത് അഭിമാനമുള്ള കാര്യമാണ്. പരുക്ക് അവന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. പാരിസിലെ നീരജിന്റെ വിജയം അടുത്ത തലമുറയ്ക്കുള്ള പ്രചോദനമാകും. അവന്‍ രാജ്യത്തിനുവേണ്ടിയാണ് വെള്ളി സ്വന്തമാക്കിയത്. ഞങ്ങള്‍ക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. യുവാക്കള്‍ അവനാല്‍ പ്രചോദിതരാകുമെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നീരജും നദീമിനെ അഭിനന്ദിച്ചിരുന്നു. 2016 മുതല്‍ വിവിധ വേദികള്‍ നദീമുമായി മത്സരിക്കുന്നു. ആദ്യമായാണ് അദ്ദേഹത്തോടു തോല്‍ക്കുന്നത്. ഈ വിജയം നദീം അര്‍ഹിക്കുന്നു. അത്രത്തോളം കഠിനാധ്വാനം അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രകടനത്തില്‍ അദ്ദേഹം മുന്നിട്ടുനിന്നു. അര്‍ഷാദിന് അഭിനന്ദനങ്ങള്‍ - എന്നായിരുന്നു മത്സരശേഷം നീരജ് പ്രതികരിച്ചത്. രണ്ടാം തവണയും മെഡൽ നേടിയതോടെ ഒളിംപിക് അത്‍ലറ്റിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പദവി നീരജ് സ്വന്തമാക്കി. അതേസമയം, ജാവലിനിലെ മെഡല്‍ നേട്ടത്തോടെ, ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ പാക് താരമെന്ന റെക്കോർഡ് നദീം സ്വന്തമാക്കി.

ആറ് ത്രോകളിൽ അഞ്ചും ഫൗൾ ആയെങ്കിലും 89.45 മീറ്റർ ദൂരമാണ് നീരജ് കുറിച്ചത്. എന്നാല്‍ ടോക്യോയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന നദീം 92.97 മീറ്ററാണ് കുറിച്ചത്. 88.54 മീറ്റര്‍ എറിഞ്ഞ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം.

SCROLL FOR NEXT