
പാരിസ് ഒളിംപിക്‌സിൽ ജാവ്ലിൻ ത്രോയിൽ നീരജ് ചോപ്രക്ക് വെള്ളി. നിലവിലെ സ്വർണ മെഡൽ ജേതാവായ നീരജിനെ പിന്തള്ളികൊണ്ട് പാകിസ്ഥാൻ താരം അർഷദ് നദീം സ്വർണം സ്വന്തമാക്കി. രണ്ടാം തവണയും മെഡൽ നേടിയതോടെ ഒളിംപിക് അത്‍ലറ്റിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പദവി നീരജ് ചോപ്ര സ്വന്തമാക്കി.
നൂറ്റിനാൽപത് കോടി ജനങ്ങളുടെ മെഡൽ പ്രതീക്ഷയുമായിട്ടാണ് നീരജ് ചോപ്ര പാരിസിലിറങ്ങിയത്. ടോക്കിയോ ഒളിംപിക്സിൽ സ്വർണനേട്ടത്തോടെ ഇന്ത്യൻ അത്‍ലറ്റിക്സിൻ്റെ തലവര മാറ്റിയ നീരജ് ഇക്കുറി മെഡൽ സ്വന്തമാക്കുമെന്ന് രാജ്യം പ്രതീക്ഷിച്ചു. പ്രതീക്ഷകളെ ശരിവെച്ച് ഒറ്റ ഏറിൽ നീരജ് വെള്ളിമെഡൽ സ്വന്തമാക്കി.
ALSO READ: ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ, വെങ്കലം നിലനിർത്തി; ഹോക്കിയിൽ വീണ്ടും ഇന്ത്യൻ വീരഗാഥ
90 മീറ്റർ എന്ന സ്വപ്ന ദൂരത്തിന് സമീപത്തെത്തുന്ന പ്രകടനമായിരുന്നു നീരജിൻ്റേത്. ആറ് ത്രോകളിൽ അഞ്ചും ഫൗൾ ആയെങ്കിലും മൂന്ന് വർഷത്തെ പരിശീലനം വിജയം കണ്ടു. 89.45 മീറ്റർ ദൂരമാണ് നീരജ് മറികടന്നത്. എന്നാൽ ടോക്യോ ഒളിംപിക്‌സിൽ അഞ്ചാം സ്ഥാനം നേടിയ നദീം, മിന്നും പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. 92.97 മീറ്ററാണ് നദീം മറികടന്നത്. 88.54 മീറ്റര്‍ എറിഞ്ഞ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം.
ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തെ രണ്ടായി പകുത്ത ടോക്കിയോ പ്രകടനം നീരജിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയെങ്കിൽ പാരിസ് ഇതിഹാസമെഴുതുകയാണ്. അത്രയേറെ പ്രാധാന്യത്തോടെ അത്‌ലറ്റക്സിനെ പരിഗണിക്കാത്ത നമ്മുടെ കായിക മേഖലയ്ക്ക് നീരജ് മെഡൽ നേട്ടത്തിലൂടെ നൽകുന്ന സന്ദേശം ചെറുതല്ല. ജാവലിൻ ത്രോയിൽ ലോക താരങ്ങളോട് ഏറ്റുമുട്ടാനുള്ള കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇന്ത്യൻ താരം.